തിരുവനന്തപുരം: ആരോഗ്യസ്ഥിതിമോശമായതിനാല് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞതിനെത്തുടര്‍ന്ന്, സി.പി.എം സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എം.വി. ഗോവിന്ദനെ തിരഞ്ഞെടുത്തു. മന്ത്രിയായിരിക്കെ സംഘടനാ ചുമതലയിലേക്ക് അദ്ദേഹം മാറുന്നതിനാല്‍, രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും അനിവാര്യമായിരിക്കയാണ്. അടുത്തയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കാര്യമായ അഴിച്ചുപണിയില്ലെന്നാണ് സൂചന.
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയാണ് 69 കാരനായ എം.വി. ഗോവിന്ദന്. തളിപ്പറമ്പില്‍ നിന്നാണ് നിയമസഭാംഗമായത്. അവിടെ നിന്ന് 1996ലും 2001ലും എം.എല്‍.എയായിരുന്നു. 2002ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 2006ല്‍ സംസ്ഥാനസെക്രട്ടേറിയറ്റംഗവും 2018ല്‍ കേന്ദ്രകമ്മിറ്റിയംഗവുമായി. ഇന്നലെ കോടിയേരിയുടെ അഭാവത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാനകമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗോവിന്ദനെ നിര്‍ദ്ദേശിച്ചത്. എല്ലാവരും അനുകൂലിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവന് എന്നിവരും പങ്കെടുത്തു.സംസ്ഥാനസെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം.വി. ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുത്തുവെന്ന വാര്‍ത്താക്കുറിപ്പ് സി.പി.എം പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post