തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണത്തിലെ നഷ്ടകണക്ക് സര്‍ക്കാരിനെ അറിയിച്ച് അദാനി ഗ്രൂപ്പ്. ഇതുവരെ നൂറുകോടി രൂപ നഷ്ടമുണ്ടായതായാണ് കണക്ക്. 2024 ലും തുറമുഖത്തിന്റെ പണി തീരില്ലെന്നു ആശങ്കയുണ്ടെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു. 2023ല്‍ പണി പൂര്‍ണമായി തീര്‍ത്ത് കപ്പല്‍ എത്തിതുടങ്ങുന്ന രീതിയിലാണ് പണി ആരംഭിച്ചത്. എന്നാല്‍ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരം തുടങ്ങിയതോടെ ഇക്കാര്യങ്ങള്‍ താളം തെറ്റി.
സമരം തുടങ്ങിയിട്ട് ഇന്ന് 53 ദിവസങ്ങള്‍ പിന്നിട്ടു. ഇതിനകം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള 45 ദിവസങ്ങളിലെ മാത്രം നഷ്ടം 78 കോടിരൂപയാണെന്നും സര്‍ക്കാരിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണം പറഞ്ഞ സമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും പരസ്പരം നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച വ്യവസ്ഥകളില്‍ ഇരുകൂട്ടരും ഒപ്പുവച്ചിരുന്നു.













