പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. അര്‍ദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവില്‍ പോകുകയായിരുന്നു.
കര്‍ണാടകയിലും തമിഴ്നാട്ടിലും ഒളിവില്‍ കഴിഞ്ഞ റൗഫ് ഇന്നലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റൗഫിന്റെയും ബന്ധുക്കളുടെയും വീടുകള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് റൗഫിന്റെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും ക്യാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.
സംഘടന രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും, ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സെപ്തംബര്‍ ഇരുപത്തിരണ്ട് മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
Discussion about this post