തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിച്ചുകൊണ്ട് തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബാനര്‍ നീക്കി. സംഭവവുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ബാനര്‍ നീക്കിയത്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബാനറിനെക്കുറിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം ആവശ്യപ്പെടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം വിവാദമാവുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കോളേജിന്റെ മുന്‍ഭാഗത്തെ ഗേറ്റിന് മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിച്ചു. ചിത്രങ്ങളും കൈമാറി. തുടര്‍ന്നാണ് രജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. പിന്നാലെ ബാനര്‍ നീക്കാന്‍ എസ്എഫ്‌ഐ നേതൃത്വം യൂണിറ്റ് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.













