ഗൂഡല്ലൂര്‍: ഓസ്‌കാര്‍ അവാര്‍ഡ് താരങ്ങളായ മുതുമല തെപ്പക്കാട് ആനത്താവളത്തിലെ ദമ്പതികളായ ബൊമ്മനെയും ബെല്ലിയെയും കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി തമിഴ്‌നാട് നീലഗിരി ജില്ലയിലെ തെപ്പക്കാട് ആനത്താവളത്തില്‍ എത്തുമെന്നാണ് അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി തെപ്പക്കാട് ആനത്താവളത്തില്‍ കഴിയുന്ന രഘു, ബൊമ്മി(അമ്മുക്കുട്ടി) എന്നീ ആനക്കുട്ടികളെയും കാണും.
ഊട്ടി സ്വദേശിനിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദ എലിഫന്റ് വിസ്പററേഴ്‌സ്’ എന്ന ഹ്രസ്വ ചിത്രമാണ് ഓസ്‌കാര്‍ അവാര്‍ഡ് നേടിക്കൊടുത്തത്. ഇതിലെ കഥാപാത്രങ്ങളാണ് ആനക്കുട്ടികളായ രഘുവും ബൊമ്മിയും. ഇവരെ പരിപാലിച്ചവരാണ് ആദിവാസികളായ ബൊമ്മനും ബെല്ലിയും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വനമേഖലയായ മുതുമല ടൈഗര്‍ റിസര്‍വ്(എം.ടി.ആര്‍)വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്.
ആനത്താവളത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി വരുന്നു. നടപ്പാതകളും കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കലും നടന്നുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മൈസൂര്‍ ഊട്ടി ദേശീയ പാത വഴിയോ അല്ലെങ്കില്‍ മൈസൂരില്‍ നിന്ന് മസിനഗുഡിയിലേക്ക് ഹെലികോപ്ടറിലോ എത്തുമെന്നാണ് വിവരം.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷയുടെ ഭാഗമായി നാളെ മുതല്‍ ഞായറാഴ്ചവരെ മുതുമലയിലും പരിസരത്തെയും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും അടച്ചിടണമെന്ന് മുതുമല ടൈഗര്‍ റിസര്‍വ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
Discussion about this post