തിരുവനന്തപുരം: കേരളത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കേരളത്തിന് അനുവദിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം-കണ്ണൂര്‍ മേഖലയില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തും.
25ന് രാവിലെ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ള വിവരം. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തി വന്ദേഭാരത് ട്രെയിനിന് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദക്ഷിണ റെയില്‍വേക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച വന്ദേഭാരത് ട്രെയിനിന്റെ റേക്കുകള്‍ അടുത്ത ദിവസങ്ങളില്‍ ഇവിടേക്കു കൊണ്ടു വരും.
റേക്കുകളുടെ നിര്‍മാണം ശ്രീപെരുംപുതൂരില്‍ പൂര്‍ത്തിയായി. കോച്ചുകളുടെ അറ്റകുറ്റപ്പണിക്കായുള്ള താത്കാലിക കോച്ച് മെയിന്റനന്‍സ് യൂണിറ്റ് തിരുവനന്തപുരം കൊച്ചുവേളിയില്‍ സജ്ജമായി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നന്പര്‍ പ്ലാറ്റ്‌ഫോം നവീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ലക്ഷ്യമിട്ടാണിത്.
സിഗ്‌നല്‍-ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി മാവേലി, ചെന്നൈ മെയില്‍ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ കൊച്ചുവേളിയിലേക്കു മാറ്റിയിരുന്നു.
വന്ദേഭാരത് ട്രെയിന്‍ യാത്രാ രീതി
ആദ്യഘട്ടങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാകും സഞ്ചരിക്കും. പരീക്ഷണഘട്ടത്തില്‍ തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ മാത്രമാകും സര്‍വീസ് നടത്തുക. മേയ് ആദ്യം മുതല്‍ കണ്ണൂരിലേക്കു നീട്ടും. ഇതോടെ വേഗം 100 കിലോമീറ്ററിലേക്കു മാറും.
തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ ആറോ ഏഴോ പ്രധാന സ്റ്റേഷനുകളില്‍ മാത്രമാകും സ്റ്റോപ്പുണ്ടാകുക. വൈകുന്നേരത്തെ കണ്ണൂരിനുള്ള ജനശതാബ്ദി ട്രെയിന്‍ സര്‍വീസ് അവസാനിപ്പിച്ചാകും വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുകയെന്നാണു വിവരം. എന്നാല്‍, സമയക്രമത്തില്‍ മാറ്റമുണ്ടാകും. രാത്രിയോടെയാകും വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തിരുവനന്തപുരത്തു നിന്നു സര്‍വീസ് തുടങ്ങുകയെന്നാണു വിവരം.
Discussion about this post