തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധവുമായി ഇടതുമുന്നണി മുന്നോട്ടു പോകുമെന്നും ഉമ്മന്‍ചാണ്ടിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും പിണറായി പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം ഉമ്മന്‍ചാണ്ടി തന്നെ നടത്തുന്ന സ്ഥിതിയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ യുഡിഎഫ് വിചിത്രമായ വാദങ്ങള്‍ ഉന്നയിക്കുകയാണ്. ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിക്കഴിഞ്ഞതായും പിണറായി പറഞ്ഞു. പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതി പോലും പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരണമെന്ന് പറഞ്ഞിരുന്നു. ലോകായുക്തയുടെ പരിധിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുമെങ്കില്‍ ദേശീയതലത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് പിണറായി ചോദിച്ചു. എന്നാല്‍ ലോക്പാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്ന് പറയാനാവില്ല. ജസ്റ്റിസ് സെന്നിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ രാജ്യസഭയില്‍ പൂര്‍ത്തിയായ ശേഷം ലോക്‌സഭയില്‍ പുരോഗമിക്കാനിരിക്കുകയാണ്. ജുഡീഷ്യറി രംഗത്തെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ ഒരു ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യമാണ്. ജനാധിപത്യം പണാധിപത്യമാകാതിരിക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്‌കരിക്കണം.
രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട പണം കള്ളപ്പണമായി സ്വിസ് ബാങ്കുകളില്‍ കിടക്കുകയാണ്. കള്ളപ്പണക്കാരുടെ പേരുകള്‍ പോലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുകയാണ്. ഇത്തരം കള്ളക്കളികള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം. രാജ്യം കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരം നല്‍കരുത്. ഗോദാവരി കരാറില്‍ റിലയന്‍സിന് അനുകൂല നിലപാടെടുത്തത് ഇതിന് ഉദാഹരണമാണ്. അന്നാ ഹസാരെ വിഷയത്തിലും മറ്റും ജനാധിപത്യവിരുദ്ധ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാറിന്റേതെന്നും പിണറായി പറഞ്ഞു.
Discussion about this post