ന്യൂഡല്‍ഹി: അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനത്തിന് അര്‍ഹതയില്ലെന്നു സുപ്രീംകോടതി. എംബിബിഎസ് ബിരുദധാരികള്‍ക്ക് തതുല്യമായ ജോലിയല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ചെയ്യുന്നത്. അലോപ്പതി ഡോക്ടര്‍മാര്‍ക്കു ചെയ്യാന്‍ കഴിയുന്ന പല അടിയന്തര വൈദ്യസഹായവും ട്രോമ കെയറും സങ്കീര്‍ണമായ ശസ്ത്രക്രിയകളും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റീസ് വി. രാമസുബ്രഹ്മണ്യന്‍, ജസ്റ്റീസ് പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്കു തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ഥമായ ചികിത്സാരീതികളെ തള്ളിപ്പറയുന്നില്ലെന്നും സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു സാധിക്കുകയില്ലെന്നും എംബിബിഎസ് ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയ ചെയ്യാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമില്ലെന്ന വിഷയവും സുപ്രീംകോടതി എടുത്തുപറഞ്ഞു.
എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.
Discussion about this post