കുമളി: അരിക്കൊമ്പന്‍ എത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. പ്രദേശത്ത് 144 പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയില്‍ എത്തി പരിശോധന നടത്തി.
അരിക്കൊമ്പന്‍ പ്രദേശത്തെ കൃഷിയിടം നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്ന് ആനയെ ഇവിടെ നിന്നും തുരത്തുകയായിരുന്നു.
പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററിലേറെ സഞ്ചരിച്ചെന്നാണു കണക്ക്. മഴമേഘങ്ങള്‍മൂലം റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
Discussion about this post