തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാന്‍ തീരുമാനമായി. ഒ പി ബഹിഷ്‌കരണം തുടരും. ഇക്കാര്യത്തില്‍ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയില്‍ നിന്നും ഉറപ്പ് കിട്ടിയതായി പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്‍മാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേ സമയം, ഹൗസ് സര്‍ജന്മാര്‍ സമരം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ലെന്നും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊട്ടാരക്കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
Discussion about this post