ന്യൂഡല്‍ഹി: ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ കീടനാശിനിയുള്ള ഏലക്കയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള െൈഹക്കോടതി വില്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഈ അരവണ മനുഷ്യര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന നടത്തേണ്ടത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെക്കൊണ്ട് പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് ബോര്‍ഡ് സുപ്രീം കോടതിയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
ഏലക്കയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് ലക്ഷത്തിലധികം ടിന്‍ അരവണയുടെ വില്പനയാണ് കേരള ഹൈക്കോടതി തടഞ്ഞത്. ഈ അരവണയില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകരായ പി എസ് സുധീര്‍, ബിജു ജി എന്നിവര്‍ ഹാജരായി. ഈ അരവണ ഇനി ഭക്തര്‍ക്ക് വില്പന നടത്താന്‍ ആലോചിക്കുന്നില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത് എങ്ങനെ വ്യാപാരമായി കണക്കാക്കാനാകുമെന്ന് വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് സി ടി രവികുമാര്‍ ആരാഞ്ഞു. തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
Discussion about this post