കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലന്‍സ്. സര്‍ക്കാര്‍ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങള്‍ കൊയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍-കോളേജ് അദ്ധ്യാപകര്‍ എന്നിവരെ നിരീക്ഷിച്ച് വിശദവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാനാണ് വിജിലന്‍സ് നീക്കം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ഒരു അദ്ധ്യാപകനെ വിജിലന്‍സ് പിടികൂടിയിരുന്നു. സ്വകാര്യ ട്യൂഷനെടുത്ത് ലക്ഷങ്ങള്‍ ഈ അദ്ധ്യാപകന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. അദ്ധ്യാപകന്‍ പിടിയിലായ വിവരം പുറത്തറിഞ്ഞതോടെ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിന് നൂറോളം പരാതികളാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത്. ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യവും വിജിലന്‍സ് അന്വേഷിക്കും.
സംസ്ഥാനത്ത് വ്യാപകമായി തഴച്ചുവളരുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് സ്‌കൂള്‍-കോളേജ് അദ്ധ്യാപകരുടെയും പിന്തുണയോടെയാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം , കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് മലബാറിലേക്കും മലബാറിലുള്ളവര്‍ തെക്കന്‍ജില്ലകളിലേക്ക് പോയും ഇത്തരം ക്‌ളാസ് നടത്തുന്നുണ്ട്. ഓണ്‍ലൈനായി ട്യൂഷനെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി മേഖലാ ഡയറക്ടര്‍ എന്നിവരില്‍ നിന്ന് വിജിലന്‍സ് വിവരശേഖരണം ആരംഭിച്ചു.
Discussion about this post