ന്യൂഡല്‍ഹി: കശ്‌മീരിലെ സ്‌ഥിതിഗതികള്‍ അതീവഗുരുതരമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സര്‍ക്കാര്‍ സൂക്ഷ്‌മമായി സ്‌ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ലയുമായി നടത്തുന്ന ചര്‍ച്ചയ്‌ക്കു ശേഷം കശ്‌മീരിലെ സ്‌ഥിതി സംബന്ധിച്ചു പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തുമെന്നും ചിദംബരം ലോക്‌സഭയില്‍ വ്യക്‌തമാക്കി.
കശ്‌മീരിലെ നിലവിലുള്ള സംഭവ വികാസങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എല്‍.കെ.അഡ്വാനിയുടെ ആവശ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ശൂന്യവേളയിലാണ് വിഷയത്തില്‍ അടിയന്തരമായി ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് എല്‍.കെ.അഡ്വാനി
ആവശ്യപ്പെട്ടത്. ജെഡിയു നേതാവ് ശരത് യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, സിപിഎം നേതാവ് ബസുദേവ് ആചാര്യ തുടങ്ങിയവരും കശ്‌മീര്‍ സംഘര്‍ഷം സംബന്ധിച്ചു സര്‍ക്കാരിനെ ആശങ്ക അറിയിച്ചു. കശ്‌മീരിന്റെ അവസ്‌ഥയില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളും വിഷയത്തില്‍ ഒരുപോലെ ആശങ്കയുള്ളവരാണെന്നും ജെഡിയു നേതാവ് ശരത് യാദവ് പറഞ്ഞു.കശ്‌മീര്‍ താഴ്‌വര ശ്‌മശാന തുല്യമാണെന്ന് സിപിഎം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. അതിനിടെ കശ്‌മീരിലെ സംഘര്‍ഷാവസ്‌ഥ ചര്‍ച്ച ചെയ്യാന്‍ കശ്‌മീര്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തി.
Discussion about this post