കോട്ടയം: മുന്‍ എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയില്‍ നടന്ന ഗൂഢാലോചന ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പഭക്തര്‍ക്ക് 2018 കാലഘട്ടത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും സര്‍ക്കാര്‍ മനീതി സംഘത്തിന് പമ്പ വരെ എത്താന്‍ വഴിയൊരുക്കിയതായി മുന്‍ എഡിജിപി സൂചിപ്പിക്കുന്നത്. മറ്റ് ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. ആചാരലംഘനം നടത്താന്‍ പോലീസ് കൂട്ടുനിന്നെന്ന് എഡിജിപി തന്നെ വ്യക്തമാക്കുകയാണ്.
പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭക്തന്‍മാരെ മതഭ്രാന്തന്‍മാരാക്കി ചിത്രീകരിച്ചിരുന്നു. ശബരിമല തകര്‍ക്കാന്‍ പിണറായി വിജയന്‍ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. യുവതികള്‍ സ്വമേധയാ വന്നതല്ല സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post