പനാജി(ഗോവ): മുഗള്‍ ആക്രമണകാരികള്‍ രാജ്യത്തുടനീളം തകര്‍ത്ത എല്ലാ ഹിന്ദു ക്ഷേത്രങ്ങളും പുനരുദ്ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘ് കോര്‍ഡിനേറ്റര്‍ സുനില്‍ ഘന്‍വട്. വിശ്വഹിന്ദു രാഷ്ട്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ പുരാതന ഭാരതീയ സംസ്‌കാരത്തെ നശിപ്പിക്കാന്‍ നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. വിദേശ ആക്രമണകാരികള്‍ നശിപ്പിച്ച ക്ഷേത്രങ്ങളെല്ലാം നവീകരിച്ച് ഹിന്ദു സംസ്‌കാരത്തെ പുനരുജ്ജീവി പ്പിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഗോവ സര്‍ക്കാര്‍ തന്നെ പുരാതനമായ ശ്രീ സപ്തകോടേശ്വര ക്ഷേത്രം നവീകരിച്ചുവെന്നും മറ്റ് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവ സര്‍ക്കാരിന്റെ ഈ തീരുമാനം മാതൃകാപരമാണ്. മുഗള്‍ ആക്രമണകാരികള്‍ രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ചരിത്രപരമായ കാര്യമാണത്.’- സുനില്‍ ഘന്‍വട് പറഞ്ഞു.
കാശിയില്‍ സ്ഥിതി ചെയ്യുന്ന ജ്ഞാനവാപിയുടെ വിമോചനത്തിനായി പോരാടിയ സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍, ഗോമന്തക മന്ദിര്‍ മഹാസംഘ് അധ്യക്ഷന്‍ ജയേഷ് തളി, ‘ജ്യോതിര്‍ലിംഗ ശ്രീക്ഷേത്ര ഭീമശങ്കര’ ദേവസ്ഥാന്റെ അധ്യക്ഷന്‍ അഡ്വ. സുരേഷ് കൗദ്രേ, വിദര്‍ഭയിലെ ‘ദേവസ്ഥാന്‍ സേവാ സമിതി’ സെക്രട്ടറി അനുപ് ജയ്‌സ്വാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post