ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് അടിയന്തിരപരിഹാരം വേണമെന്ന് ആര്‍എസ്എസ്. ഇതിനായി ഭരണകൂടവും പോലീസും സൈന്യവും കേന്ദ്രഏജന്‍സികളും ഐക്യത്തോടെ നിലകൊള്ളേണ്ടതുണ്ട്. മണിപ്പൂരിലെ രാഷ്ട്രീയ പാര്‍ട്ടികളും സാധാരണ ജനങ്ങളും എല്ലാം ചേര്‍ന്ന് സംഘര്‍ഷസ്ഥിതി അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
മനുഷ്യജീവനുകളുടെ സുരക്ഷയും മണിപ്പൂരിന്റെ സുസ്ഥിര സമാധാനവും ഉറപ്പുവരുത്തണമെന്നും പരസ്പര വിശ്വാസം തിരികെ പിടിക്കുന്നതിനുമായി എല്ലാവരോടും ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചു. ഇരു സമുദായങ്ങളും ഇതിനായി സമഗ്രമായ പരിശ്രമങ്ങള്‍ നടത്തണം. മെയ്തേയി സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും നിസ്സഹായാവസ്ഥയും കുക്കി സമുദായത്തിന്റെ യഥാര്‍ത്ഥ ഉത്കണ്ഠകളും പരിഗണിച്ചുകൊണ്ടുവേണം പ്രശ്‌നപരിഹാരം. വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം അടക്കമുള്ള നടപടികളും സമാധാനവും സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാന്‍ ആവശ്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തില്‍ സംഘര്‍ഷങ്ങള്‍ക്കും വെറുപ്പിനും യാതൊരു സ്ഥാനവുമില്ല എന്നതാണ് ആര്‍എസ്എസിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post