പേയാട്: ജനാര്‍ദ്ദനന്‍ ആശാന്‍ മീട്ടിയ മണിവീണ നാദം, അനിലിന്റെ പുള്ളുവന്‍പാട്ട്, ശ്രീകുമാരന്‍ നായരുടെ തോറ്റംപാട്ടിലെ ഗണപതി സ്തുതി, കരുണാകര പണിക്കരും ശിഷ്യന്‍ കുമാറും തീര്‍ത്ത ചെണ്ടയിലെ ഉഗ്രതാളം. പാരമ്പര്യ, അനുഷ്ഠാന കലയുടെ താളത്തിലും പാട്ടിലുമലിഞ്ഞ് കണ്ണശ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
ലോകസംഗീത ദിനമായ ഇന്നലെ ഒരു മണിക്കൂര്‍ നേരം പേയാട് കണ്ണശ മിഷന്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഗീതമഴ പെയ്തിറങ്ങുകയായിരുന്നു. ഒപ്പം താളമിട്ട് കുട്ടികള്‍ ഇതുവരെ കേള്‍ക്കാത്ത സംഗീതം ആസ്വദിച്ചു. അന്യം നിന്നുപോയ പാരമ്പര്യ കലകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു സ്‌കൂള്‍ ലക്ഷ്യമിട്ടതെന്ന് മാനേജര്‍ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി എന്നിവര്‍ പറഞ്ഞു.
വേറിട്ട വാദ്യോപകരണങ്ങളുമായി സ്‌കൂളിലെത്തിയ നാട്ടിലെ കലാകാരന്മാരെ ഉപഹാരം നല്‍കി ആദരിച്ചു. ജനാര്‍ദ്ദനന്‍ ആശാന്‍ തന്റെ ഉപാസനാ വാദ്യോപകരണമായ മണിവീണയില്‍ ഒന്ന് സ്‌കൂളിലെ ചരിത്ര മ്യൂസിയത്തിന് സമ്മാനിച്ചാണ് മടങ്ങിയത്.
Discussion about this post