കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ജാമ്യം നേടി ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങി. തന്നെ ശിക്ഷിക്കാന്‍ പോന്ന തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന്റെ പക്കലില്ലെന്ന് വ്യക്തമായെന്ന് സുധാകരന്‍ പറഞ്ഞു.
എന്തിനെയും നേരിടാന്‍ തയാറാണെന്നും ഒരിടത്തും പോയി ഒളിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കേസിനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. കേസ് കോടതിയില്‍ വരട്ടെ; പോലീസിന് കൊടുത്ത മൊഴി പരസ്യമാക്കില്ല. മോന്‍സന്‍ മാവുങ്കലിനെ താന്‍ നേരത്തെ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അയാളുടെ സാംസ്‌കാരിക നിലവാരം വളരെ മോശമാണെന്ന് തെളിഞ്ഞതാണ്. ജീവിതാവസാനം വരെ അയാള്‍ക്ക് തടവുകിട്ടിയതാണ്. അതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളതിനാല്‍ 50,000 രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കുകയായിരുന്നു.













