തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ വാദങ്ങളുമായി പാളയം ഇമാം വി പി സുബൈര്‍ മൗലവി. ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ വൈവിധ്യം തകരുമെന്നും നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിയമനിര്‍മാണം ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് ഗൗരവകരമായി എതിര്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയാണ് ഇമാം ഏക സിവില്‍ കോഡിനെതിരെയുള്ള അഭിപ്രായം പറഞ്ഞത്.
ഏക സിവില്‍ കോഡ് ഭരണഘടനാ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ് പൊതുവ്യക്തിനിയമം. മൗലികാവകലാശങ്ങളേക്കാള്‍ മുന്‍ഗണന അത് അര്‍ഹിക്കുന്നില്ല. ഏക സിവില്‍ കോഡിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. യൂട്യൂബര്‍ തൊപ്പിക്കെതിരെയും പാളയം ഇമാം പ്രതികരിച്ചു. യൂട്യൂബര്‍ തൊപ്പി സാമൂഹികമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളേയും ഭക്ഷണത്തേയും അവഹേളിക്കുന്നു. പുതുതലമുറ ആരെയാണ് പിന്തുടരുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഇമാം പറഞ്ഞു. തെറ്റിലേക്ക് പോകുന്ന പുതുതലമുറക്കാരെ തിരുത്തണം. നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത്തരക്കാരെ ഉപയോഗിക്കണമെന്നും ഇമാം പറഞ്ഞു. നമ്മുടെ നാട് വൈവിധ്യവും ബഹുസ്വരതയും നിറഞ്ഞതാണ്. ഐസിസ് ഇസ്ലാമല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post