
തിരുവനന്തപുരം: ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരി പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു. തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 21 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പൊതുജനനന്മ ലക്ഷ്യം വെക്കുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിലും നടത്തിപ്പിലും അഴിമതിയില്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആന്റണി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതി ഈ വര്‍ഷം തന്നെ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കാതെ അവ സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവ കാലങ്ങളില്‍ മാത്രമല്ലാതെ പൊതുവിപണിയില്‍ വില നിയന്ത്രണം സാധ്യമാക്കാന്‍ സ്ഥിരമായ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനം സമയബന്ധിതവും ലളിതവുമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി പി എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണം കിറ്റിന്റെയും റേഷന്‍ കാര്‍ഡുകളുടെയും വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നല്‍കുന്ന നിത്യോപയോഗസാധനങ്ങള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്ന മൊത്ത, ചില്ലറ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഓണം പ്രമാണിച്ച് പൊതുവിപണിയിലുണ്ടാകുന്ന വില വര്‍ദ്ധനവ് തടയുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ടി എം ജേക്കബ് അദ്ധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന 5 കിലോ അരിയുടെ വിതരണോദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു.
Discussion about this post