കൊച്ചി: മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ പിഡിപി നേതാവിനെതിരേ പോലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പോലീസ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരേ അശ്ലീലച്ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കി ഫോണില്‍ ബന്ധപ്പെട്ടപ്പോളാണ് ഇയാള്‍ അശ്ലീല സന്ദേശം അയച്ചത്. താക്കീത് നല്‍കിയ ശേഷവും ശല്യം തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post