തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച വേഗപരിധിക്കനുസരിച്ച് റോഡ് ക്യാമറകള്‍ പുനഃക്രമീകരിക്കും വരെ വേഗതയുടെ പേരില്‍ പിഴ ഈടാക്കില്ല. കണ്‍ട്രോള്‍ റൂമുകളില്‍ ക്യാമറ പരിശോധിച്ച് വര്‍ദ്ധിപ്പിച്ച വേഗ പരിധിക്കുള്ളിലാണെങ്കില്‍ പിഴ നോട്ടീസ് അയയ്ക്കരുതെന്ന് മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി. നോട്ടപ്പിശക് കാരണം നോട്ടീസ് ലഭിക്കുന്നവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കിയാല്‍ പിഴയില്‍ നിന്ന് ഒഴിവാക്കും. പുതിയ വേഗപരിധിക്കനുസരിച്ച് ഇന്നു മുതല്‍ റോഡ് ക്യാമറകളില്‍ മാറ്റം വരുത്തും. എ.ഐ ക്യാമറകളുടെ ഒരു മാസത്തെ പ്രവര്‍ത്തനം അവലോകനം ചെയ്യാനുള്ള യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേരും.
കഴിഞ്ഞ മാസം 14നാണ് കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാന പാതകളിലും വേഗത കൂട്ടാന്‍ തീരുമാനമെടുത്തത്. ജൂലായ് ഒന്നു മുതല്‍ ആറുവരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ വേഗത്തിലും നാലുവരി പാതയില്‍ 100 കി.മീ വേഗതയിലും എം.സി റോഡിലും നാലുവരി സംസ്ഥാന പാതയിലും 90 കി.മീറ്റര്‍ വേഗതയിലും 9 സീറ്റുവരെയുള്ള വാഹനങ്ങള്‍ ഓടിക്കാം. ദേശീയപാതയില്‍ 90, നാലുവരി സംസ്ഥാന പാതയില്‍ 85 എന്നിങ്ങനെയായിരുന്നു നേരത്തെയുണ്ടായിരുന്ന വേഗപരിധി. വേഗനിയന്ത്രണം മാറിയതനുസരിച്ച് ബോര്‍ഡുകളും മാറ്റേണ്ടതുണ്ട്. ഇതിനായി നാളെ പൊതുമാരാമത്ത്, നാഷണല്‍ ഹൈവേ അതോറിട്ടി , തദ്ദേശവകുപ്പ് പ്രതിനിധികളുടെ യോഗം ചേരും.
Discussion about this post