ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജനനിന്ദ്യനായ് വന്നുകൂം ദൃഢം.
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിക്കവേണം പ്രയത്‌നേന സല്പുമാന്‍
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.
(അയോദ്ധ്യാകാണ്ഡം-രാമാഭിഷേകവിഘ്‌നം)
സദ്ഗുണ സമ്പന്നന്മാരായ ആളുകളാണെങ്കില്‍ കൂടി ദുഷ്ടന്മാരോടുള്ള സംസര്‍ഗ്ഗം കൊണ്ട് കാലം ചെല്ലുമ്പോള്‍ സജ്ജനങ്ങളാല്‍ നിന്ദിക്കപ്പെട്ടവരായിത്തീരും. അതുകൊണ്ട് നല്ലയാളുകള്‍ ദുര്‍ജ്ജനങ്ങളുമായിട്ടുള്ള സംസര്‍ഗ്ഗം നിര്‍ബന്ധപൂര്‍വ്വം വളരെ അകലെ ഉപേക്ഷിക്കേണ്ടതാണ്. ചെളി പറ്റുകയാണെങ്കില്‍ സ്വര്‍ണ്ണം പോലും പ്രഭയില്ലാത്തതായിത്തീരുന്നു. സത്‌സംഗത്തില്‍ തുടങ്ങി നിസ്സംഗത്തിലൂടെ ജീവന്മുക്തി വരെ എത്തിച്ചേരുന്ന ഫലത്തെപ്പറ്റി ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
“കരിമ്പിനുള്ളോരു തലയ്ക്കല്‍ നിന്നും
ചുവട്ടിലേയ്ക്കുള്ള രസം കണക്കെ
നിനയ്ക്കണം സജ്ജനമൈത്രി പാരില്‍
നേരേ മറിച്ചാം ഖലമൈത്രി നൂനം -”
പാകമായ കരിമ്പിന് ചുവട്ടില്‍ മധുരം കൂടിയും തലയ്ക്കലേക്കു ചെല്ലുന്തോറും മധുരം കുറഞ്ഞും അനുഭവപ്പെടും. ഏറ്റവും തലയ്ക്കലെത്തുമ്പോള്‍ വലിച്ചെറിയാന്‍ തോന്നുമാറ് അത് നീരസമായിത്തീരും. ഇത് ദുഷ്ടജനങ്ങളോടുള്ള സംസര്‍ഗ്ഗത്തിന്റെ സ്വഭാവത്തെ കാണിക്കുന്നുവെന്ന് മഹാകവി സൂചിപ്പിക്കുന്നു. ദുഷ്ടന്മാര്‍ പ്രഥമ സമാഗമത്തില്‍ വളരെ സ്‌നേഹമസൃണമായും രുചികരമായും പെരുമാറും. ക്രമം കൊണ്ട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചുതുടങ്ങും. അവരെ വലിച്ചെറിയേണ്ട ആവശ്യം സജ്ജനങ്ങള്‍ക്കനുഭവപ്പെടും. കരിമ്പിന്റെ രുചി തലയ്ക്കല്‍ നിന്ന് ചുവട്ടിലേയക്ക് ആസ്വദിച്ചാല്‍ ഫലം തിരിച്ചാണ് സംഭവിക്കുക. ആദ്യം അത്രയേറെ മധുരമായിത്തോന്നുകയില്ല. എന്നാല്‍ ചുവട്ടിലേയക്ക് വരുന്തോറും മധുരം കൂടിക്കൂടി വരും. സജ്ജനങ്ങളോടുള്ളത സംസര്‍ഗ്ഗം ഇതേപോലെ മാധുര്യം നിറഞ്ഞതാണെന്നും ഹൃദ്യമാണെന്നും സൂചിപ്പിക്കുന്നു. തുടക്കത്തില്‍ അരുചികരമെന്നു തോന്നാമെങ്കിലും അനുദിനമുള്ള സജ്ജനസംസര്‍ഗ്ഗം കൊണ്ട് നന്മ കൂടുതലായി അനുഭവപ്പെടും.
ചെളിപുരണ്ട സ്വര്‍ണ്ണത്തിന്റെ പ്രഭ പ്രകാശിതമാവുകയില്ല. ചെളിയക്ക് സ്വര്‍ണ്ണത്തിന്റെ പ്രഭയെ മറയ്ക്കാമെന്നല്ലാതെ കുറയ്ക്കാന്‍ സാദ്ധ്യമാവുകയില്ല. എങ്കിലും ബാഹ്യലോകത്തിന് സ്വര്‍ണ്ണത്തിന്റെ ഗുണം അനുഭവിക്കാന്‍ തടസ്സം നേരിടും. ദുര്‍ജ്ജനങ്ങളുമായിട്ടുള്ള സംസര്‍ഗ്ഗം സജ്ജനങ്ങളുടെ നന്മയെ കാലക്രമേണ ആവരണം ചെയ്യും. അതുകൊണ്ട് ദുര്‍ജ്ജന സംസര്‍ഗ്ഗം ദൂരെ ത്യജിക്കേണ്ടതാണ്.
Discussion about this post