ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
“ജാതിനാമാദികള്‍ക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം”
(അദ്ധ്യാത്മരാമായണം – യുദ്ധകാണ്ഡം: വിഭീഷണന്റെ ശരണ പ്രാപ്തി)
രാമായണ മഹാസാഗരത്തില്‍ മുങ്ങിത്തപ്പിയാല്‍ ശേഖരിക്കാന്‍ കഴിയുന്ന മഹാരത്‌നങ്ങള്‍ അനഘങ്ങളും അനര്‍ഘങ്ങളുമാണ്. മനുഷ്യജീവിതത്തെ സാമാന്യമായും പ്രപഞ്ചത്തെ ഏകമായും കാണുവാനുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും അതില്‍ ധാരാളമുണ്ട്. നശ്വരജീവിതത്തില്‍ നിന്നും അനശ്വരതയിലേക്ക് ഉയര്‍ന്നുചെല്ലാന്‍ കഴിയുന്ന വിദഗ്ദ്ധ ഉപദേശങ്ങള്‍ എന്നും വിശിഷ്ടങ്ങളായിത്തന്നെ അവശേഷിക്കുന്നു. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും സ്‌നേഹവും വിരോധവുമെല്ലാം സമൂഹത്തില്‍ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. തമ്മിലടി മുതല്‍ തുടങ്ങി മഹായുദ്ധം വരെ അവസാനിക്കുന്ന ചരിത്രസംഭവങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏകപക്ഷീയവും സ്വാര്‍ത്ഥജടിലവുമല്ലാത്ത ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ മഹാപുരുഷന്മാര്‍ക്കു മാത്രമേ സാദ്ധ്യമായിട്ടുള്ളൂ. അനവദ്യങ്ങളായ ചിന്തകളെ ഉരുക്കിത്തിളപ്പിച്ച് വാര്‍ത്തെടുത്ത സന്ദേശങ്ങളാണ് അവര്‍ കാഴ്ചവച്ചത്.
രാമായണത്തില്‍ ധര്‍മ്മാധര്‍മ്മങ്ങളെ നിര്‍വചിക്കുവാനുള്ള വ്യക്തികളും രംഗങ്ങളുമാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അധര്‍മ്മത്തെ നിരാകരിച്ച് ധര്‍മ്മസംസ്ഥാപനം നടത്തുകയെന്നുള്ളതാണ് രാമാവതാര സങ്കല്പത്തിന്റെയും കാവ്യകാരന്‍രെയും ലക്ഷ്യം. ജീവനെ കേന്ദ്രീകരിച്ചുകൊണ്ട് നിലനില്‍ക്കുന്ന പ്രപഞ്ച സങ്കല്പം ആദ്യമായുണ്ടായത് ഭാരതത്തിലാണെന്നു പറയാം. ഋഷി പരമ്പരയുടെ നിശിതവും നിഗൂഢവുമായ ചര്‍ച്ചകളും തപസ്സുമാണ് ഇതിനു വഴിതെളിച്ചത്. മനസ്സിന്റെ നന്മതിന്മകളെ വിലയിരുത്തിക്കൊണ്ട് സമൂഹത്തെ ഒന്നായിക്കാണുന്ന വീക്ഷണം മറ്റാരുടെയും കൈമുതലല്ല. മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന നിഷിദ്ധചിന്തകള്‍ രാമായണത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല. രാമന്റെ ചിന്തയും സമീപനവും സമഗ്രവും സാമാന്യവുമാണ്. കര്‍മ്മങ്ങളും കര്‍മ്മസരണികളും ലക്ഷ്യമാക്കുന്നത്. ധര്‍മ്മത്തെ മാത്രമാകുന്നു. മാനസികമായ വളര്‍ച്ചയും തളര്‍ച്ചയും നന്മതിന്മകള്‍ മൂലം സംഭവിക്കുന്നുവെന്നു രാമായണം വിധിയെഴുതുന്നു. മതത്തിനുവേണ്ടി മനുഷ്യത്വത്തെ മര്‍ദ്ദിച്ചൊടുക്കുവാന്‍ രാമായണം അനുവദിക്കുന്നില്ല. മനുഷ്യത്വത്തെ വളര്‍ത്തുന്ന മതത്തെയും അതല്ലെങ്കില്‍ മതത്തെ അതിജീവിക്കുന്ന മനുഷ്യത്വത്തെയുമാണ് രാമായണം കണ്ടെത്തുന്നത്. സ്വാര്‍ത്ഥതയ്ക്കുവേണ്ടി മതത്തെ താലോലിക്കുവാനോ നിസ്വാര്‍ത്ഥതയെ ബലിയര്‍പ്പിച്ച് സംഭവങ്ങളെ വിലയിരുത്തുവാനോ രാമനും രാമായണവും തയ്യാറായിട്ടില്ല. വ്യക്തിയെ കേന്ദ്രീകരിച്ച് വിമര്‍ശിക്കപ്പെടുന്ന ധര്‍മ്മബോധമാണ് മനുഷ്യത്വത്തിന്റെ അടിത്തറയെന്നു രാമായണം വിശ്വസിക്കുന്നു. പേരും പെരുമയും ജാതിചിന്തയും കുത്തിവച്ച വിഷബീജങ്ങള്‍ മനുഷ്യമനസ്സിലും മസ്തിഷ്‌കത്തിലും മാദകമായ വികാരങ്ങള്‍ സൃഷ്ടിച്ചിട്ടേയുള്ളൂവെന്ന് രാമായണം തെളിയിക്കുന്നു. ഉപനിഷദ്ഗ്രന്ഥങ്ങളില്‍പ്പോലും ജാതി വ്യവഹാരകല്പിതമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. എങ്കിലും കൃഷ്ണന്റെ പേരിലും രാമന്റെ പേരിലുമുള്ള അപവാദങ്ങള്‍ നിരൂപണക്കോമരങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആശയ പാപ്പരത്തവും അടിമത്തവും പുലര്‍ത്തുന്ന മനുഷ്യമനസ്സിന് നിഷ്പക്ഷമായി വളരുവാനും സത്യം കണ്ടെത്തുവാനും സാദ്ധ്യമാവുകയില്ല. പാര്‍ട്ടിയ്ക്കും പദവിയ്ക്കും വേണ്ടി പാമരന്മാര്‍ നടത്തുന്ന പദക്കസര്‍ത്തുകള്‍ ചിന്താശൂന്യരെ ഉപകരണങ്ങളാക്കി ഉപദ്രവങ്ങള്‍ സൃഷ്ടിച്ചിട്ടേയുള്ളൂ.
ആധുനിക സമൂഹത്തില്‍ രാഷ്ട്രീയമേഖലകള്‍ സൃഷ്ടിക്കുന്ന അപവാദങ്ങള്‍ പലതും ഹൈന്ദവമതസിദ്ധാന്തങ്ങളെ അപലപിച്ചുകൊണ്ടാണ്. അറിവില്ലെങ്കിലും അപവാദം ഭൂഷണമാക്കി നേതൃത്വത്തിന്റെ ദുഷിച്ച ഭാണ്ഡം കെട്ടഴിച്ചുവച്ച് പ്ലാറ്റ്‌ഫോമുകളില്‍ അലറിവിളിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. സത്യം അവര്‍ക്ക് വിദൂരമാണ്. ചിന്താശക്തി തനതായിട്ടു യാതൊന്നുമില്ല. അനുകരിച്ചും അനുഗമിച്ചും ജല്പിക്കുന്ന കുതന്ത്രങ്ങള്‍ എന്തിനാണെന്ന് അവര്‍ തന്നെയറിയുന്നില്ല. എങ്കിലും അധികാരത്തിന്റെ മോഹവും നേതാവിന്റെ പ്രശംസയും ലക്ഷ്യമാക്കി മസ്തിഷ്‌ക്കമര്‍ദ്ദനം നടത്തുന്ന അധരവ്യായാമികള്‍ ധാരാളമുണ്ട്. നല്ലതു പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുവാന്‍ അവര്‍ക്കു സമയമില്ല. ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്നതിനു പകരം വഴക്കടിക്കുകയും വിടുവാ പറയുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. മതം ജാതിയെ പ്രോത്സാഹിപ്പിക്കുന്നു എന്നവാദം പറയുന്നവര്‍ക്ക് ആഞ്ജനേയമഹാപ്രഭുവിനെപ്പോലുള്ള ആത്മാരാമന്മാരുടെ നിഷ്പക്ഷവും നിഷ്‌കൃഷ്ടവുമായ അഭിപ്രായങ്ങള്‍ ബോധം തെളിയ്ക്കുവാന്‍ പറ്റിയ ഔഷധങ്ങളാണ്.
വേദങ്ങളും ഉപനിഷത്തുകളും വിഭാവനം ചെയ്യുന്നത് അതിര്‍ത്തിവരമ്പുകളില്ലാത്ത ഒരു വിശാല ലോകത്തെയാണ്. പലതായി കാണുന്ന പരിമിതികളെ അവ നിസ്സങ്കോചം എതിര്‍ക്കുന്നു. വൈരുദ്ധ്യങ്ങളെ വഴിവിളക്കാക്കി അധര്‍മ്മത്തിന്റെ ഘോഷയാത്ര നടത്തുവാന്‍ അവ അനുവാദം നല്‍കുന്നില്ല. സമ്പാദ്യമോഹമില്ലാത്ത സമരം,അധികാരമോഹമില്ലാത്ത രാജ്യഭരണം,വികാരഭേദവും വിദ്വേഷവുമില്ലാത്ത സമീപനം എന്നിവ അവ വിഭാവനം ചെയ്യുന്ന ഒരു മഹാരാജ്യത്തിന്റെ സവിശേഷതകളാണ്. മാലാഖമാരും മണിമന്ദിരങ്ങളും മദ്യഷാപ്പുകളും മയക്കുമരുന്നും സ്ഥാനം പിടിച്ചിരിക്കുന്ന ആധുനികസമൂഹത്തിന് അപവാദങ്ങളെ അധികരിച്ചെത്തുന്ന ആഞ്ജനേയന്റെ വാക്കുകള്‍ ശ്രദ്ധിക്കാനാവുമോ? തപസ്സിലും ധര്‍മ്മ സങ്കല്പത്തിലും ഉരുത്തിരിഞ്ഞ ആ സമരസേനാനിയുടെ നിഷ്പക്ഷവീക്ഷണം ശത്രുപക്ഷത്തുള്ള നല്ലവനെ സ്വീകരിക്കുവാന്‍ തടസ്സമായിരുന്നില്ല. ജാതിയുടെ പേരു പറഞ്ഞ് എതിര്‍ക്കുവാനോ കണ്ണടച്ച് വെറുക്കുവാനോ നന്മയെ ലക്ഷ്യമാക്കാതെ അടച്ചാക്ഷേപിക്കുവാനോ അനുവാദമില്ലാത്ത ധര്‍മ്മബോധമാണ് മാരുതി കാഴ്ചവച്ചത്. ത്രിലോകകണ്ടകനായ രാവണനെതിരെയുള്ള പടയൊരുക്കമാണ് രംഗം. സമരപ്രഖ്യാപനം സാമ്രാജ്യമോഹത്തിനുവേണ്ട വികാരമായിരുന്നില്ല. തെറ്റു തിരുത്തുവാനുള്ള ആഹ്വനമാണ് രാമനെപ്പോഴുമുണ്ടായിരുന്നത്. ധര്‍മ്മത്തെ ലക്ഷ്യമാക്കിയുള്ള സമരതത്ത്വം ആ മഹാപ്രഭുവിന്റെ പ്രയാണത്തില്‍ ഇഹലോകത്തും പരലോകത്തും നന്മ പകരുന്നതു മാത്രമായിരുന്നു.
രാവണപക്ഷത്തുനിന്നും ഓടിയെത്തുന്ന വിഭീഷണന്‍ അഭയം പ്രാര്‍ത്ഥിക്കുന്നതാണ് പ്രകൃതത്തിലെ രംഗം. രാക്ഷസനെ ഉറ്റുനോക്കുന്ന വാനരപ്പടയും വാനരാധീശനായ സുഗ്രീവനും അടുത്തുനില്‍പ്പുണ്ട്. ആധികാരികമായും ആദ്യസ്ഥാനീയനായും അഭിപ്രായം പറയാനുള്ള അവകാശം രാജാവിനാണഅ. അത് സുഗ്രീവന്‍ സശ്രദ്ധം നിര്‍വഹിക്കുകയും ചെയ്തു. രാവണ രാക്ഷസന്റെ അനുജനെ പടപ്പാളയത്തില്‍ പ്രവേശിപ്പിക്കുവാന്‍ സുഗ്രീവന് സമ്മതമില്ല. “വിശ്വേശ! രാക്ഷസന്‍ മായാവിയെത്രയും വിശ്വാസയോഗ്യനല്ലെന്നതു നിര്‍ണ്ണയം” എന്നാണ് യുക്തിസഹജമായ വാക്കുകളിലൂടെയുള്ള സുഗ്രീവന്റെ അഭിപ്രായം. മാത്രവുമല്ല “രാവണരാക്ഷസന്‍ തന്നുടെ സോദരന്‍ വിക്രമമുള്ളവന്‍”എന്നുള്ള സൂചനയും സുഗ്രീവന്‍ നല്‍കുന്നുണ്ട്. “ആയുധപാണികളാ”യിട്ടാണ് വന്നിട്ടുള്ളതെന്നും രാക്ഷസന്മാര്‍ “മായാവിശാരദന്മാരാ”ണെന്നും അറിയിക്കുവാന്‍ സുഗ്രീവന്‍ മടിക്കുന്നില്ല. “ഛിദ്രം കുറഞ്ഞൊന്നു കാണ്‍കിലും നമ്മുടെ നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ” എന്നുള്ള ആപല്‍സൂചനയും യോദ്ധാവും രാജാവുമായ സുഗ്രീവന്‍ രാമന്റെ തിരുമുമ്പിലറിയിക്കുന്നു. കപികളെ നിയോഗിച്ച് ഉടന്‍ തന്നെ അവരെ നിഗ്രഹിക്കണമെന്നാണ് സുഗ്രീവന്റെ വിദഗ്ദ്ധമായ നിഗമനം. ശത്രുപക്ഷത്തുള്ളവരെ വിശ്വസിക്കുന്നതേക്കാള്‍ ശത്രുക്കളെത്തന്നെ വിശ്വസിക്കുന്നതാണ് നല്ലതെന്നാണ് ആ രാജാവിന്റെ യുദ്ധകൗശല്യം വെളിവാക്കിയത്. രാമന്റെ കാലത്തു സമാരംഭിച്ച ഈ യുദ്ധതന്ത്രങ്ങളും പ്രവണതകളും ആധുനികഭാരതത്തിലെത്തിച്ചേര്‍ന്ന മുഷറഫും വാജ്‌പേയിയും വരെയുള്ള സന്ദര്‍ഭങ്ങളില്‍ നിലനില്‍ക്കുന്നില്ലേയെന്ന് ചിന്തിക്കേണ്ടതാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിന്റെ താല്‍ക്കാലികബോധനമോ വികാരമോ അല്ല രാമന്റെയും രാമായണത്തിലെയും പ്രതിപാദ്യമെന്ന് ചിന്തിക്കുവാനാണ് വര്‍ത്തമാനകാലത്തിലേക്ക് അല്പമൊന്നു വിരല്‍ ചൂണ്ടിയത്. വര്‍ത്തമാനകാലഘട്ടത്തില്‍ രാമായണത്തിന്റെ പ്രസക്തി രാജ്യതന്ത്രജ്ഞതയിലും ശത്രുക്കളോടുള്ള സമീപനത്തിലും എത്രത്തോളം ധാര്‍മ്മികമാകുന്നു എന്ന ചിന്തയ്ക്ക് പ്രാധാന്യമുണ്ട്. വര്‍ത്തമാനത്തെ മറന്നിട്ട് ഭൂതഭാവികാലങ്ങളെ നോക്കിക്കാണുന്നതില്‍ കുശലതയോ തന്ത്രജ്ഞതയോ ഇല്ല. “കാലാവലോകനം കാര്യസാദ്ധ്യം നൃണാം” എന്ന് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ വാക്കുകള്‍ തന്നെയുണ്ട്.
രാമസുഗ്രീവന്മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷം രാമദാസനായ ആഞ്ജനേയന്‍ തന്റെ അഭിപ്രായങ്ങള്‍ രാമന്റെ തിരുവുള്ളത്തിനുവേണ്ടി കാഴ്ചവയ്ക്കുകയാണ്. സീതാന്വേഷണത്തിന് നേതൃത്വം നല്‍കിയ ആഞ്ജനേയന്‍ രാജാവായ സുഗ്രീവനേക്കാള്‍ ധര്‍മ്മരംഗത്ത് പ്രവര്‍ത്തിച്ചവനാണ്. പ്രതിഷേധങ്ങളും വരവേല്പുകളും തന്ത്രപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് സമുദ്രലംഘനം നടത്തിയ ആ മഹാപ്രഭുവിന് ലങ്കേശനേയും ലങ്കയെയും നല്ല പരിചയമുണ്ട്. ലങ്കാദഹനസമയത്ത് ആഞ്ജനേയന്‍ രക്ഷിക്കാന്‍ തുനിഞ്ഞ ഏകഭവനം വിഭീഷണന്റേതായിരുന്നു. രാക്ഷസചക്രവര്‍ത്തിയുടെ അനുജനെന്നോ കുലത്തില്‍ ജനിച്ചവനെന്നോ ഉള്ള യാതൊരു സംശയവും കൂടാതെ വിഭീഷണന്‍ ഉത്തമനാണെന്നു പ്രഖ്യാപിക്കുവാന്‍ ആഞ്ജനേയന്‍ മടി കാണിച്ചില്ല. മാത്രവുല്ല, “വന്നു ശരണം ഗമിച്ചവന്‍ തന്നെ നാം നന്നു രക്ഷിക്കുന്നതെന്നെന്നുടെമതം” എന്നു നിസ്സംശയം പ്രഖ്യാപിക്കുവാന്‍ ആഞ്ജനേയനു ലഭിച്ച ധാര്‍മ്മിക പ്രചോദനം രാമദാസനായതുകൊണ്ടും രാമോപാസകനായതുകൊണ്ടും ലഭ്യമായതാണ്. “നക്തഞ്ചരാന്വയത്തിങ്കല്‍ ജനിച്ചവര്‍ ശത്രുക്കളേവരുമെന്നു വന്നീടുമോ?” എന്നുള്ള ചോദ്യത്തിലൂടെ രാജാവായ സുഗ്രീവന്റെ അഭിപ്രായങ്ങളെ പരോക്ഷമായി വിമര്‍ശിക്കുകയും ഖണ്ഡിക്കുകയുമാണ് മാരുതി ചെയ്യുന്നത്. ശത്രുപക്ഷത്തുപോലും മിത്രങ്ങലെ കണ്ടെത്തുവാനുള്ള തുറന്ന മനസ്സ് ലോകശ്രദ്ധയെ ആകര്‍ഷിക്കുന്നതാണ്. വിഷബോംബുകള്‍ വര്‍ഷിച്ച് നിഷ്പക്ഷമതികളെയും നിരപരാധികളെയും നിസ്സങ്കോചം കൊന്നൊടുക്കുന്ന ആധുനിക തന്ത്രം രാവണന്മാരെ സൃഷ്ടിക്കുമ്പോള്‍ അവിടെ നിന്നൊളിച്ചോടുന്ന വിഭീഷണന്മാര്‍ രാമില്‍ രാഷ്ട്രീയാഭയം തേടുന്നതും രാമരാജ്യത്തിനുവേണ്ടി നിലകൊള്ളുന്നതും തെറ്റാണെന്നു പറയുവാന്‍ ന്യായമുണ്ടോ? ജാതികളുടെ പേരു പറഞ്ഞ് മതത്തെ ആക്ഷേപിക്കുന്നതും മതം മയക്കുമരുന്നാണെന്നു പ്രഖ്യാപിച്ച നേതാവിന്റെ ഇരുട്ടിനു മുമ്പില്‍ പാര്‍ട്ടിയുടെ ചുരുട്ട് കത്തിച്ചുകാണിക്കുന്നതുമൊക്കെ ആധുനികമായും സോഷ്യലിസമായും എണ്ണുന്നവര്‍ ആഞ്ജനേയന്റെയും രാമന്റെയും സമീപനത്തെ ഓര്‍മ്മിക്കുന്നത് തെറ്റാവുകയില്ല.
രാജാവായ രാവണന്‍ ഒരു ഭാഗത്ത്. രാഷ്ട്രീയലങ്ക ആ കണ്ടകരാജാവിന്റെ ചുവട്ടടികളില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നു. തിരുവായ്‌ക്കെതിര്‍വായില്ലെന്ന മട്ടില്‍ രാവണന്‍ അടക്കി ഭരിക്കുന്നു. സ്വാര്‍ത്ഥതയില്‍ക്കവിഞ്ഞ ലക്ഷ്യം രാവണരാജാവിനില്ല. സാമ്രാജ്യവും സമീപനങ്ങളുമെല്ലാം തന്റെ മതം സ്താപിക്കുവാന്‍ വേണ്ടി മാത്രമുള്ളതാണ്. ഭാരതത്തിന്റെ ആര്‍ഷപാരമ്പര്യത്തെ കുറ്റം പറയുന്ന അധുനാതനന്മാര്‍ക്ക് രാവണ രാജ്യമോ രാമരാജ്യമോ ആവശ്യം? രാവണരാജ്യം വളരണമെങ്കില്‍ രാമരാജ്യം വരാതിരിക്കണം. വിഭീഷണനു അഭയം കൊടുക്കാന്‍ പാടില്ല. അഭയത്തിന് ചെന്നെത്തിയവനെ അവസരവാദം കൊണ്ട് നിരാകരിക്കണം. ആഞ്ജനേയന്റെ നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ യുദ്ധതന്ത്രമല്ലെന്നു പ്രഖ്യാപിക്കണം. കണ്ണടച്ച് കരിങ്കുരുതി നടത്തുന്നതില്‍ രാഷ്ട്രീയവും രാജ്യതന്ത്രജ്ഞതയും കണ്ടെത്തണം. മനുഷ്യത്വം ബലിയര്‍പ്പിക്കപ്പെടണം. ശത്രുത വളരണം. സ്‌നേഹം ദുര്‍ബലമെന്നു വ്യാഖ്യാനിക്കണം. സമരതന്ത്രത്തില്‍ ധര്‍മ്മം നിരാകരിക്കണം. അധര്‍മ്മം കൊടികുത്തിവാഴണം. അധികാരത്തിന്റെ ചെങ്കൊടി ഇന്ദ്രനാട്ടിലോളമെത്തിക്കണം. വര്‍ഗ്ഗസമരം വിജയിക്കണം. എന്തിനേറെ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രഖ്യാപിത നയങ്ങളും അതിനുവേണ്ടി സ്വന്തം രാജ്യവും അധികാരവും കാണിക്കയിട്ട രാമരാജ്യസങ്കല്പത്തിലെ ധര്‍മ്മസന്ദേശവുമെല്ലാം കരുത്തുറ്റ ഭരണാധികാരിയുടെ ലക്ഷണമല്ലെന്നു പ്രഖ്യാപിക്കണം. തന്റെ പാര്‍ട്ടിക്കും തനിക്കും നന്മയേകാത്ത യാതൊന്നും അംഗീകരിക്കാന്‍ മനസ്സില്ലാത്ത ഇത്തരക്കാരുടെ രാഷ്ട്രീയ വേതാളത്തം രാമനും ആഞ്ജനേയനും ശക്തമായി നിഷേധിക്കുന്നു, നിരാകരിക്കുന്നു.
രാമായണത്തെ കേവലം അമ്മൂമ്മക്കഥയായി കാണരുത്. രാമന്റെ രാഷ്ട്രമീമാംസ ഒരു ധര്‍മ്മാധികാരിക്കവകാശപ്പെട്ടതാണെന്നു ചിന്തിക്കുവാന്‍ മറക്കരുത്. രാമനേറ്റെടുത്ത ധര്‍മ്മസമരം ശത്രുപക്ഷത്തെ നല്ലവനെ സ്വീകരിക്കുവാന്‍ പ്രാപ്തിയുള്ളതായിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. സാമ്രാജ്യവും സുവര്‍ണ്ണരത്‌നഖചിതങ്ങളായ മണിമേടകളുമല്ല ലക്ഷ്യം. ധര്‍മ്മവും ധര്‍മ്മവാഹിനിയായ ത്യാഗവുമാണ് രാമസന്ദേശവും ആത്മാരാമനായ ആഞ്ജനേയന്റെ സങ്കല്പവും. രാജാവാണെങ്കിലും സുഗ്രീവനു പറ്റിയ അമളി രാമന്റെ വാക്കുകളിലൂടെ തിരുത്തുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. പക്ഷെ ആധുനിക ഭരണയന്ത്രത്തിനും രാഷ്ട്രതന്ത്രത്തിനും തെറ്റു തിരുത്തുവാന്‍ കഴിയുമോ, അത് തുറന്നു സമ്മതിക്കാനാവുമോ എന്ന ചോദ്യത്തിനു സുഗ്രീവന്‍ നല്‍കിയ ഉത്തരം പ്രയോജനപ്പെടട്ടെ.
(തുടരും)
Discussion about this post