തിരുവനന്തപുരം: പിതൃതര്‍പ്പണ പുണ്യത്തിനായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃപരമ്പരകളുടെ മോക്ഷപ്രാപ്തിക്കും പ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കര്‍ക്കടകവാവിന് പതിനായിരക്കണക്കിന് പേര്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ജില്ലയിലെ എല്ലാ തീര്‍ത്ഥഘട്ടങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ തിലഹോമം, പിതൃപൂജ എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറയില്‍ താമ്രപര്‍ണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും നിരവധിപ്പേര്‍ ബലിതര്‍പ്പണം നടത്തും.
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ക്ഷേത്രത്തിലെ രണ്ട് സ്ഥിരം ബലിമണ്ഡപങ്ങള്‍ക്ക് പുറമെ ഏഴെണ്ണം കൂടി തയ്യാറാക്കിയിട്ടുണ്ട്. 25 പുരോഹിതന്മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വര്‍ക്കല പാപനാശം കടപ്പുറത്ത് ഇന്ന് രാത്രി 10.25 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. കടപ്പുറത്തെ ദേവസ്വം ബോര്‍ഡ് ബലിമണ്ഡപത്തിലും താത്കാലിക മണ്ഡപങ്ങളിലും ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പുരോഹിതന്മാര്‍ കാര്‍മ്മികത്വം വഹിക്കും. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധിപ്പേര്‍ ബലിതര്‍പ്പണത്തിനെത്തും.
ശിവഗിരി മഠം,ചെമ്പഴന്തി ഗുരുകുലം,ആറ്റിങ്ങല്‍ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കും.
അരുവിപ്പുറത്ത് ഒരേസമയം 1000 പേര്‍ക്ക് തര്‍പ്പണം നടത്താം. നെയ്യാറ്റിന്‍കരയ്ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകള്‍, വിവിധ ക്ഷേത്രക്കുളങ്ങള്‍, പൂവാര്‍ കടപ്പുറം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്. അരുവിക്കര ഡാമിന് സമീപത്തെ ക്ഷേത്രക്കടവ്,കരകുളം ഏണിക്കര മുദിശാസ്താംകോട് ക്ഷേത്രം,വാമനപുരം നദിയില്‍ മീന്‍മുട്ടി കടവ്,പാലോട് ചിപ്പഞ്ചിറക്കടവ്, കാട്ടാക്കടയില്‍ ചെമ്പനാകോട് ഹനുമാന്‍ ക്ഷേത്രം, കൊല്ലോട് തമ്പുരാന്‍ ഭദ്രകാളിക്ഷേത്രം,മണ്ഡപത്തിന്‍കടവ് കുന്നില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കും.
Discussion about this post