കോട്ടയം: ആളവറ്റ ആദരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജ്വലിക്കുന്ന ഓര്‍മയായി. രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളുടെ കണ്ണും കരളുമായി ജീവിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്നലെ സംസ്‌കരിക്കുമ്പോള്‍ പാതിരാത്രി പിന്നിട്ടു.
ജനങ്ങളുടെ അതിരില്ലാത്ത സ്‌നേഹാദരങ്ങള്‍ക്കു പകരമായി ബഹുമതിക്കു സ്ഥാനമില്ലെന്ന സന്ദേശമേകിയാണ് ജനനായകന്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുണ്യാളന്റെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നത്. എന്നും നിരാലംബര്‍ക്കൊപ്പം നിലകൊണ്ട ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ബഹുമതികള്‍ ഒഴിവാക്കിയാണ് കാലചക്രസീമയിലേക്ക് മടങ്ങിയത്. തീരാത്ത ജനപ്രവാഹത്താല്‍ നിശ്ചയിച്ചിരുന്ന സമയത്തിനും ഏറെ വൈകിയാണ് പ്രത്യേക കബറിടത്തിലേക്ക് മടങ്ങിയത്.
അനന്തപുരിയില്‍ നിന്ന് ജന്മനാടായ പുതുപ്പള്ളിയില്‍ എത്തുവോളവും ഊണും ഉറക്കവുമില്ലാതെ അക്ഷമരായി കാത്തുനിന്ന ജനങ്ങള്‍ പൊതുദര്‍ശനങ്ങളും അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞശേഷവും പ്രിയ നേതാവിനെ വിട്ടുപോകാനാവാതെ വിതുമ്പിനിന്നത് ചരിത്രമായി. പുതുപ്പള്ളി ജോര്‍ജിയന്‍ വലിയപള്ളിയിലെ പ്രത്യേക കല്ലറയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
എല്ലാ ഞായറാഴ്ചകളിലും തന്റെ സുഖ ദുഃഖങ്ങള്‍ പങ്കിടാന്‍ എത്തിയിരുന്ന പുണ്യാളന്റെ മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരമെത്തുമ്പോള്‍ രാത്രി ഒമ്പതോട് അടുത്തിരുന്നു. അപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. അവസാനമായി ഒരു നോക്കുകാണാന്‍, ഒന്നുമ്മ വയ്ക്കാന്‍ എത്തിയവരെ നിയന്ത്രിക്കാന്‍ പൊലീസും കോണ്‍ഗ്രസ് ഭാരവാഹികളും ഏറെ പണിപ്പെട്ടു.
രാഹുല്‍ ഗാന്ധിയടക്കമുള്ളവരുടെ പ്രാര്‍ത്ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വൈകിട്ട് 5.30ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീടിന്റെ പൂമുഖത്ത് സഭാ വൈദികരുടെ നേതൃത്വത്തില്‍ അടുത്ത ബന്ധുക്കളെ മാത്രം പ്രവേശിപ്പിച്ച് കബറടക്ക ശുശ്രൂഷയുടെ ക്രമം നടത്തി. തുടര്‍ന്ന് പണിതീരാത്ത സ്വപ്നവീട്ടില്‍ അരമണിക്കൂര്‍ ശുശ്രൂഷ.
പ്രിയപ്പെട്ട ഒ.സിയായും കുഞ്ഞൂഞ്ഞായും, ഉമ്മന്‍ചാണ്ടി സാറായും നിറഞ്ഞുനിന്ന ആ പുണ്യദേഹത്തിന് പുതുപ്പള്ളി ദേവാലയത്തിന്റെ വടക്കേപ്പന്തലിലായിരുന്നു തുടര്‍ന്ന് പൊതുദര്‍ശനം. അവിടെനിന്ന് മൃതദേഹം ശവപ്പെട്ടിയിലേക്ക് മാറ്റി അവസാന യാത്രയുടെ ശുശ്രൂഷകളേകുമ്പോള്‍ വിലാപയാത്രയുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയുടെ മിഴികളും തുളുമ്പിയൊഴുകി.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ വി.എന്‍.വാസവന്‍, കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, പി.പ്രസാദ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു. ചീകിയൊതുക്കിയ മുടിയും തേച്ചു മിനുക്കിയ തൂവെള്ള ഖദറും മുണ്ടും ധരിച്ചാണ് സഭാ ശ്രേഷ്ഠന്‍മാര്‍ക്കു സമീപം ഉമ്മന്‍ചാണ്ടി അന്ത്യനിദ്ര പൂകിയത്. ഭാര്യ മറിയാമ്മയും മക്കളായ മറിയവും, അച്ചുവും ചാണ്ടിയും കൊച്ചുമക്കളുമൊക്കെ അവസാനമായി പ്രിയപ്പെട്ടവനെ ഉമ്മകള്‍ക്കൊണ്ടു പൊതിഞ്ഞു.
ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. സിറോമലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, എ.കെ.ആന്റണി, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവരടക്കം സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post