ആലുവ: ആലുവയില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹ പൊതുദര്‍ശനവേദി ഹൃദയഭേദകമായി. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പൊതുദര്‍ശനത്തിലും കീഴ്മാട് പൊതുശ്മശാനത്തില്‍ നടന്ന അന്ത്യകര്‍മങ്ങളിലും കുഞ്ഞിനെ ഒരിക്കല്‍ പോലും കാണാത്തവരടക്കം നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടോടെയാണ് തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്സ് എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്.
കുട്ടിയുടെ കുടുംബം താമസിക്കുന്ന വാടകവീട്ടിലെ അസൗകര്യവും മറ്റ് ബന്ധുക്കളൊന്നും കേരളത്തില്‍ ഇല്ലാത്തതും പരിഗണിച്ചാണ് സ്‌കൂളില്‍ പൊതുദര്‍ശനം തീരുമാനിച്ചത്. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം കീഴ്മാട് പഞ്ചായത്തിലെ ശാന്തിതീരം ശ്മശാനത്തിലെത്തിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ രേവത് ബാബു വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ പൂജാകര്‍മങ്ങള്‍ക്കു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. അതേസമയം പ്രതി അസ്ഫാഖ് ആലം റിമാന്‍ഡിലാണ്. വൈദ്യപരിശോധനയ്ക്കുശേഷം ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആലുവ സബ് ജയിലിലാണ് പ്രതിയുള്ളത്.
Discussion about this post