തൃശൂര്‍: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗണപതിയെ മിത്ത് എന്ന് വിളിച്ച ഷംസീര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വര്‍ഗീയവാദിയെന്ന് വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഷംസീര്‍ സ്പീക്കറായിരിക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഓര്‍മക്കുറവുണ്ടെന്നു പരിഹസിച്ച മുരളീധരന്‍ അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഗോവിന്ദന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, മിത്ത് വിവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആരും തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സ്പീക്കര്‍ ഒരു മതവിശ്വാസത്തിനെതിരേയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കാര്യങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഇതിനിടെ, മിത്ത് വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എന്‍എസ്എസ്. ഞായറാഴ്ച അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. തുടര്‍ സമര രീതികള്‍ ഈ നേതൃയോഗങ്ങളില്‍ തീരുമാനിക്കും.
Discussion about this post