തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ശ്രീലളിതാ മഹായാഗത്തിന്റെ ഭാഗമായി രണ്ടാം ദിനത്തില്‍ ശ്രീമഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് പഞ്ചദേവതാ യജനം, സൂര്യഗായത്രീയജ്ഞം, രാജമാതംഗീ സപര്യ എന്നിവ നടന്നു. രാജമാതംഗീ സപര്യയുടെ ഭാഗമായി വേദിയില്‍ യാഗാംഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി. പൊന്‍കുന്നം ജ്യോതികുമാറിന്റെ നാദാര്‍ച്ചന, കുമാരി മീനാക്ഷി.ജി.എസ് അവതരിപ്പിച്ച നൃത്തസന്ധ്യ. ഡോ.സ്മിതാലക്ഷ്മിയും സംഗീതരാജും നടത്തിയ നാട്യാര്‍ച്ചന, ക്ഷേത്രകലാപീഠം കീരിക്കാട് ഗോകുല്‍ മാരാരുടെ സോപാന സംഗീതം, നാട്യജ്യോതി അപര്‍ണ ശര്‍മ അവതരിപ്പിച്ച അഷ്ടാവധാനം എന്നിവയും നടന്നു. മാതംഗീപൂജയ്ക്കുശേഷം വിശേഷാല്‍ ശ്രീരാമസുന്ദരീപൂജയും വാരാഹീസപര്യയും യാഗശാലയില്‍ നടന്നു. പൂജകള്‍ക്ക് ആചാര്യന്‍മാരായ കക്കാട് എഴുന്തോലില്‍ മഠം ബ്രഹ്മശ്രീ സതീശന്‍ ഭട്ടതിരിയും ബ്രഹ്മശ്രീ അനിരുദ്ധ് അടുക്കത്തായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യാഗം 24ന് സമംഗളം സമാപിക്കും.













