കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വലവിജയം. 37719 എന്ന റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം മകന്‍ നിലനിറുത്തിയത്. മുഖ്യ എതിരാളിയായിരുന്ന സി പി എമ്മിലെ ജെയ്ക്ക് സി തോമസ് 42425 വോട്ട് ലഭിച്ചപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വെറും 6558 വോട്ടുമാത്രമാണ് ലഭിച്ചത്. മണ്ഡലത്തിലെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് വരണാധികാരി വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ചാണ്ടി ഉമ്മന് കൈമാറി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 53 വര്‍ഷം തുടര്‍ച്ചയായി നിലനിറുത്തിയിരുന്ന മണ്ഡലമാണ് അദ്ദേഹത്തിന്റെ മരണശേഷം വന്‍ ഭൂരിപക്ഷത്തോടെ മകന്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചത് യു ഡി എഫ് കേന്ദ്രങ്ങള്‍ക്ക് പുത്തനുണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആക്കിയ ജെയ്ക്കിനോടുള്ള ചാണ്ടി ഉമ്മന്റെയും യു ഡി എഫിന്റെയും ഒരു മധുര പ്രതികാരം കൂടിയായി ഉജ്ജ്വല വിജയം. ഇത്തവണ എല്‍ ഡി എഫിന് വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. 11,903 വോട്ട് ഇത്തവണ കുറഞ്ഞു എന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതില്‍ അടിയുറച്ചതെന്ന് വിശ്വസിച്ചിരുന്ന പാര്‍ട്ടി വോട്ടുകളും ഉണ്ടെന്നതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയം യു ഡി എഫിനൊപ്പം എല്‍ ഡി എഫും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടുമെന്ന് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ കരുതിയിരുന്നില്ല. ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ മകനോടും പുതുപ്പള്ളിക്കാര്‍ കാണിച്ചപ്പോള്‍ എല്‍ഡിഎഫ് വോട്ടുകള്‍ പോലും യുഡിഎഫ് പക്ഷത്തേക്കെത്തി എന്നുവേണം കരുതാന്‍. എല്‍ഡിഎഫ് ഭരിക്കുന്നതുള്‍പ്പടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞതും ഇതുകൊണ്ടുതന്നെയാണ്.
Discussion about this post