ന്യൂഡല്‍ഹി: സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിന്‍ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയത്. 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലെഗ്രാഞ്ച് പോയിന്റ്.
ഇതുവരെ ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്നുകൊണ്ട് വേഗം കൂട്ടിയും അകലം വര്‍ദ്ധിപ്പിച്ചുമുള്ള യാത്രാരീതിയായിരുന്നു ആദിത്യ എല്‍ 1ന് . ഇനി ബഹിരാകാശത്തു കൂടി ദീര്‍ഘമായ യാത്രയാണ്. ഭൂമിയിലെ മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തില്‍ നിന്നുള്ള നിയന്ത്രണം മാത്രമാണ് തുണയായുള്ളത്.
ട്രാന്‍സ് ലാഗ്രേറിയന്‍ പോയിന്റ് ഇന്‍സെര്‍ഷന്‍ എന്ന സുപ്രധാന ഘട്ടമാണ് വിജയകരമായി പൂര്‍ത്തിയായത്. ബംഗളൂരുവിന് പുറമെ ഫിജി ദ്വീപിലും ആന്‍ഡമാനിലും സ്ഥാപിച്ച ട്രാന്‍സ്പോര്‍ട്ടബള്‍ ടെര്‍മിനലുകളാണ് ‘പോസ്റ്റ് ബേണ്‍’ എന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 110 ദിവസത്തെ യാത്രയിലൂടെയാണ് ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ സ്ഥാനമുറപ്പിച്ചായിരിക്കും സൂര്യപര്യവേക്ഷണം നടത്തുക.
അതിനിടെ പേടകത്തിലെ ഏഴ് ഉപകരണങ്ങളില്‍ ഒന്നായ സുപ്ര (തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍) പ്രവര്‍ത്തിപ്പിച്ചു. ഇതിലെ വിവരങ്ങള്‍ ബംഗളൂരുവിലെ മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തിലേക്കുമയച്ചു. ഭൂമിക്ക് അരലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശ നിരീക്ഷണ വിവരങ്ങളാണ് കൈമാറിയത്. ഉപകരണത്തിലെ ആറു സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയില്‍ നിന്ന് 50,000 കിലോമീറ്റര്‍ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചു തുടങ്ങിയത്.
Discussion about this post