കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനം നടത്തിയത് തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ്. ട്രിഗര്‍ ചെയ്തത് റിമോട്ട് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ മാര്‍ട്ടിന്റെ മൊബൈലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തു വച്ചത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ്. പ്രതി സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് പറഞ്ഞു. ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴിയാണെന്നും മാര്‍ട്ടിന്‍ പൊലീസിന് മൊഴി നല്‍കി.
നേരത്തെ ബോംബുവച്ചത് താന്‍ ആണെന്ന് അവകാശപ്പെട്ട് മാര്‍ട്ടിന്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം മാര്‍ട്ടിന്‍ പറയുകയും ചെയ്തിരുന്നു. താന്‍ പതിനാറ് വര്‍ഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികള്‍ രാജ്യദ്രോഹപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവര്‍ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയില്‍ മാര്‍ട്ടിന്‍ പറഞ്ഞത്.
ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുണ്ട്. കളമശേരിയില്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000ത്തില്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post