കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാ രാജില്‍ കെ.ആര്‍. പദ്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതാ കുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് 15 വരെ റിമാന്‍ഡ് ചെയ്തത്.
പദ്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യയെയും മകളെയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ അറസ്റ്റിലായ പ്രതികളെ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് അടൂര്‍ കെഎപി ക്യാമ്പില്‍ എത്തിച്ച് ചോദ്യംചെയ്തത്. എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആദ്യഘട്ട ചോദ്യംചെയ്യല്‍ പുലര്‍ച്ചെ മൂന്നു വരെ നീണ്ടു. ഇന്നലെ രാവിലെ 8.30 മുതല്‍ വീണ്ടും ചോദ്യം ചെയ്യല്‍ തുടങ്ങി. 9.30ന് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 12.15ഓടെ പ്രതികളെ മുഖം മറച്ച് വന്‍ പോലീസ് അകമ്പടിയോടെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇവരെ അനുഗമിച്ചു. 12.55 ന് പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തത് ഈ സ്റ്റേഷനിലായതിനാല്‍ അറസ്റ്റ് സംബന്ധിച്ച തുടര്‍ നടപടികളും റിമാന്‍ഡ് റിപ്പോര്‍ട്ടും തയാറാക്കി ഉച്ചകഴിഞ്ഞ് 2.15ന് പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഉച്ചകഴിഞ്ഞു 3.15ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. പത്തു മിനിറ്റിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായി. പ്രതികള്‍ക്കുവേണ്ടി രണ്ട് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി.
ലളിത എന്ന ബന്ധുവാണ് മൂന്നുപേരുടെയും വക്കാലത്തില്‍ ഒപ്പിട്ടിട്ടുള്ളത്. പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതിയുടെ തീരുമാനം വന്നശേഷം ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകരും വ്യക്തമാക്കി.
ഈ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേര്‍ മാത്രമെന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍. കുറ്റകൃത്യത്തില്‍ നാലാമന്‍ ഇല്ലന്നും അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു.
കാറില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നതെന്നു കുട്ടിയും മൊഴിയും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു പോലീസിന്റെ ഏറ്റവും വലിയ ദൗത്യം.
തട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ കുട്ടിയെ ഉപേക്ഷിക്കേണ്ടിവന്നത് അന്വേഷണ സംഘം നടത്തിയ ശക്തമായ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.കോവിഡിനുശേഷം അഞ്ച് കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്ന പദ്മകുമാറും സംഘവും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഒരു വര്‍ഷം മുമ്പേ പദ്ധതി തയാറാക്കിയിരുന്നു. പിന്നീട് അതില്‍നിന്ന് അല്‍പ്പം പിന്നാക്കം പോയി. ഒന്നരമാസം മുമ്പ് പദ്മകുമാറിന് അടിയന്തരമായി പത്ത് ലക്ഷം രൂപയുടെ ആവശ്യം വന്നു.
പലരോടും കടം ചോദിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ചിന്ത വീണ്ടും സജീവമായത്. അതിനായി കുടുംബം, ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലത്ത് തട്ടിയെടുക്കാന്‍ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് കറങ്ങിനടക്കുകയായിരുന്നു. അങ്ങനെയാണ് ഓയൂരിലെ കുട്ടികളെ ശ്രദ്ധിച്ചത്. പിന്നീട് അവരെ ലക്ഷ്യം വച്ചു.
തട്ടിക്കൊണ്ടുപോകല്‍ നടന്നതിനുമുമ്പ് ഇവര്‍ രണ്ടുതവണ ഇതിനായി ശ്രമിച്ചെങ്കിലും അമ്മയും മുത്തശിയും കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്നതിനാല്‍ ശ്രമം വിഫലമാകുകയായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
Discussion about this post