തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും സ്വകാര്യ വിമാനം വഴിയാണ് മൃതദേഹം എത്തിച്ചത്. പട്ടം പിഎസ് സ്മാരകത്തില്‍ രണ്ട് മണിവരെ പൊതുദര്‍ശനം നടത്തും. ശേഷം ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും.
സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്‌കാരം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.
കോട്ടയം കൂട്ടിക്കലില്‍ പരേതരായ വി.കെ. പരമേശ്വരന്‍ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950 നവംബര്‍ 10നാണ് ജനനം. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ് (സെക്രട്ടേറിയറ്റ്), വി. സര്‍വേശ്വരന്‍ (ബിസിനസ്). മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. വാഴൂര്‍ എസ്.വി.ആര്‍.എന്‍ എസ്.എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളേജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു കാനത്തിന്റെ പഠനം.
ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. നവകേരള യാത്രയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിലാണ് ആശുപത്രിയിലെത്തിയത്. വൃക്കസംബന്ധമായ പ്രശ്‌നങ്ങളുമായി ഒക്ടോബര്‍ 25നാണ് കാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂര്‍ച്ഛിച്ച് കാലിലെ മുറിവില്‍ അണുബാധയുണ്ടായി. കുറച്ചുനാള്‍ മുമ്പുണ്ടായ അപകടത്തില്‍ പറ്റിയ മുറിവ് ഉണങ്ങിയിരുന്നില്ല. നവംബര്‍ 14ന് വലതുകാല്‍ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചികിത്സ നല്‍കി വരികയായിരുന്നു.
Discussion about this post