ന്യൂഡല്‍ഹി: എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘എന്റെ വാഹനത്തിന് മുന്നിലേക്കെത്താന്‍ പൊലീസ് എങ്ങനെയാണ് പ്രതിഷേധക്കാര്‍ക്ക് അനുമതി നല്‍കിയത്. പ്രതിഷേധം നടന്ന സ്ഥലങ്ങളില്‍ എസ് എഫ് ഐക്കാരെ എത്തിച്ചത് പൊലീസ് വാഹനങ്ങളിലാണ്. അറസ്റ്റ് ചെയ്ത് കൊണ്ടുപോയതും പൊലീസ് ജീപ്പിലാണ്. ആരാണ് ആഭ്യന്തരമന്ത്രി? എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പുറത്താണ് നടന്നത്. മുഖ്യമന്ത്രി സംഭവത്തില്‍ ഗൂഢാലോചന നടത്തി.
സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തി. ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുകയാണെന്ന് പറഞ്ഞു. എസ് എഫ് ഐ അല്ലാതെ വേറെ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നുണ്ടോ? പ്രതിഷേധക്കാരെ വെറുതേ പിടിച്ചുവച്ചിട്ട് കാര്യമില്ലെന്ന് ഞാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും പറഞ്ഞിട്ടുണ്ട്.
പൊലീസുകാരും കാഴ്ചക്കാരായി നിന്നു. അവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ട്. ഞാന്‍ വെറുതേ കാറിലിരുന്ന് അവര്‍ എന്നെ മുറിവേല്‍പ്പിക്കുന്നത് നോക്കി ഇരിക്കണോ? ഗവര്‍ണറെ ആക്രമിച്ചാല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഐപിസിയില്‍ പറയുന്നുണ്ട്. എന്നിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. പ്രതിഷേധക്കാര്‍ വന്നാല്‍ ഇനിയും കാറില്‍ നിന്ന് പുറത്തിറങ്ങും’- ഗവര്‍ണര്‍ വ്യക്തമാക്കി.
Discussion about this post