ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന സമരം ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന നിലപാടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തിന് ലഭിച്ച നികുതി വിഹിതത്തിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോയെന്നു ചോദിച്ച അദ്ദേഹം ഇടത് എം.പിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളപ്രചരണം നടത്തുകയാണെന്നും വ്യക്തമാക്കി.
‘ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നികുതി വിഹിതത്തിന്റെ കണക്കുകള്‍ക്ക് കേരള സര്‍ക്കാരിന് പറയാന്‍ മറുപടിയില്ലെന്ന് വ്യക്തമാണ്. കണക്കുകള്‍ തെറ്റാണെന്ന് കേരള സര്‍ക്കാരിന് തെളിയിക്കാന്‍ സാധിക്കുമോ? ധനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇടതുപക്ഷം പറയുന്നത്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കട്ടെ. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നയമാണ് ഇടത്എം.പിമാര്‍ക്ക്’ – വി. മുരളീധരന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ പക്കല്‍ നിന്നും നികുതി വിഹിതം ലഭിക്കുന്നില്ലെന്ന കള്ളക്കണക്കുകള്‍ മാത്രമേ ഇവര്‍ക്ക് ജനങ്ങളോട് പറയാനുള്ളത്. മകള്‍ വീണയുടെ കാര്യത്തില്‍ സത്യം പറയാത്ത മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരം കള്ള പ്രചരണങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അഴിമതിക്കാര്‍ ഒത്തു ചേര്‍ന്ന് നടത്തുന്ന സമരമാണ് ഡല്‍ഹിയില്‍ നാം കണ്ടത്. എന്നാല്‍ രാഷ്ട്രീയം നോക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഭാരതര്തന പ്രഖ്യാപിക്കുന്നതെന്നാണ് മറ്റു രാഷ്ട്രീയക്കാരുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഭാരതരത്‌ന പ്രഖ്യാപിക്കാതിരിക്കാന്‍ സാധിക്കുമോ എന്നും വി. മുരളീധരന്‍ ചോദിച്ചു. രാജ്യത്തിന്റെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന് ഭാരതരത്‌ന ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post