വയനാട്: പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയില്‍ അജീഷ് കുമാര്‍ (അജി) യാണ് കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയപ്പോള്‍ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കര്‍ണാടക റേഡിയോ കോളര്‍ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. നോര്‍ത്ത് – സൗത്ത് വയനാട് വനം ഡിവിഷനുകള്‍ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞയുള്ളത്.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോള്‍ അജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം നടത്തുകയാണ്. ആനയെ വെടിവച്ച് കൊല്ലണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റാന്‍ പോലും പ്രതിഷേധക്കാര്‍ അനുവദിച്ചിട്ടില്ല.













