
കാലടി: യുഎഇയിലെ റാസല്‍ഖൈമയില്‍ മൂന്നംഗ മലയാളി കുടുംബത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടി പുതിയേടത്ത് വീട്ടില്‍ അനില്‍കുമാര്‍ (45), ഭാര്യ ശ്രീജ (31), മകള്‍ അനുശ്രീ (7) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജുലാനിലെ താമസസ്ഥലത്തെ വില്ലയിലാണ് മൂന്നുപേരുടേയും മൃതദേഹം കണ്ടത്.
വില്ലയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികള്‍ പോലീസില്‍ വിവരം നല്‍കി. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് നാട്ടില്‍ മരണവിവരം അറിഞ്ഞത്. കൂവപ്പടിയിലുള്ള വീട് വിറ്റശേഷം ശ്രീമൂലനഗരം വാരണക്കുടത്ത് ശ്രീജയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. നിരവധി വര്‍ഷങ്ങളായി യുഎഇയില്‍ ജോലിചെയ്യുന്ന അനില്‍കുമാര്‍ നാലുവര്‍ഷം മുമ്പാണ് ശ്രീജയേയും മകള്‍ അനുശ്രീയേയും കൂടെ കൊണ്ടുപോയത്.
റാസല്‍ഖൈമയില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി നടത്തിവരികയായിരുന്ന അനില്‍കുമാറിന് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുഎഇയില്‍, പണം പലിശയ്ക്കുനല്‍കുന്ന മലയാളിയില്‍നിന്ന് പാസ്‌പോര്‍ട്ട് പണയപ്പെടുത്തി അനില്‍കുമാര്‍ ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായും ഇതിന്റെ അടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
മാഫിയാ സംഘങ്ങള്‍ ശ്രീമൂലനഗരത്തെ വാരണക്കുടത്ത് വീട്ടില്‍വന്നും ഭീഷണിമുഴക്കിയിരുന്നതായി ശ്രീജയുടെ അച്ഛന്‍ ഓമനക്കുട്ടന്‍ പറഞ്ഞു. ഒരാഴ്ചമുമ്പ് അനില്‍കുമാര്‍ ഫോണില്‍ വിളിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സൂചനനല്‍കി. അതിനാല്‍ ശ്രീജയേയും അനുശ്രീയേയും നാട്ടിലേക്ക് അയയ്ക്കാന്‍പോകുകയാണെന്നും ഓമനക്കുട്ടനോട് പറഞ്ഞു.
എന്നാല്‍, പിടിച്ചുവച്ച പാസ്‌പോര്‍ട്ട് മടക്കിനല്‍കാതെവന്നപ്പോള്‍ ഇവരുടേയും യാത്രമുടങ്ങി. ആത്മഹത്യയാകാനാണ് സാധ്യതയെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൂവപ്പടി പുതിയേടത്ത് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടേയും ശ്രീദേവിഅമ്മയുടേയും മകനാണ് അനില്‍കുമാര്‍. വിമലയാണ് ശ്രീജയുടെ മാതാവ്. അനുശ്രീ റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
Discussion about this post