വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിയപ്പെടാത്തവരുടെ സംസ്‌കാരം നടത്തി. പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മുണ്ടക്കൈയില്‍ മരിച്ചവര്‍ക്കായി പുത്തുമലയില്‍ 200 കുഴിമടങ്ങളാണ് ഒരുക്കിയത്. ഇതില്‍16 പേരുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സര്‍വമതപ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാരം നടത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച ചടങ്ങുകള്‍ വൈകുന്നേരം 4.10 ഓടെ പൂര്‍ത്തിയാക്കി.
189 മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ സംസ്‌കരിക്കുക. ഇതില്‍ 31 മൃതദേഹങ്ങളും 158 മൃതശരീരഭാഗങ്ങളുമുണ്ട്. ഒരു സെന്റില്‍ ഏഴു മൃതദേഹങ്ങള്‍ വീതമാണ് സംസ്‌കരിക്കുക.
ആദ്യ ബാച്ചിലെ തന്നെ ആറുപേരുടെ മൃതദേഹം കൂടി ഇനി സംസ്‌കരിക്കാനുണ്ട്. ശേഷം 14 പേരുടെ മൃതദേഹം ഇവിടെ എത്തിക്കും. സര്‍വമത പ്രാര്‍ഥനയോടെ ഈ മൃതദേഹങ്ങളും സംസ്‌കരിക്കും. അതിനുശേഷം 50 വീതം മൃതദേഹഭാഗങ്ങള്‍ പുത്തുമലയില്‍ എത്തിച്ച് പ്രാര്‍ഥനയോടെ സംസ്‌കരിക്കും. വൈകുന്നേരത്തോടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ പരിശ്രമിക്കുന്നത്.
നേരത്തെ, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ ബന്ധുക്കളെത്തി തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നു. ശരീരഭാഗങ്ങള്‍ പ്രത്യേകം പെട്ടികളിലാക്കി സംസ്‌കരിച്ച ശേഷം ഡിഎന്‍എ ടെസ്റ്റിന്റെ കോഡ് നമ്പര്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Discussion about this post