തിരുവനന്തപുരം: മലയാളിക്ക് ഓണസദ്യ ഒരുക്കുവാന്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു പച്ചക്കറികള്‍ വന്നുതുടങ്ങി. വീട്ടുവളപ്പിലെ ചേനയും മത്തനും ഓണക്കാലത്തു രൂചിയൂറുന്ന വിഭവങ്ങളായിരുന്ന കാലം മാറി. അതുപോലെ സ്വന്തം പറമ്പിലെ വാഴക്കുല വെട്ടി കായ് വറുക്കുന്നതും ശര്‍ക്കര വരട്ടിയുണ്ടാക്കുന്നതും ഇന്ന് എങ്ങും കാണാനില്ല. അരിക്കും പയറിനും മാത്രമല്ല, സാമ്പാറും അവിയലും തോരനും അച്ചാറും കിച്ചടിയും പച്ചടിയും ഒക്കെ ഉണ്ടാക്കാനുള്ള പച്ചക്കറികളെല്ലാം അന്യസംസ്ഥാനത്തു നിന്നെത്തണം. ഓണസദ്യയുണ്ണാനുള്ള വാഴയിലപോലും തമിഴ്‌നാട്ടില്‍നിന്നു വാങ്ങേണ്ട സ്ഥതിയാണ്. നാട്ടിന്‍പുറങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറിക്കൃഷി പൂര്‍ണമായും ഒഴിവാക്കിയതാണു കൂടുതലും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിവന്നത്. ഇത്തവണ പച്ചക്കറികള്‍ക്കു തീവിലയാണ്.
ഉപ്പേരിക്കുള്ള നേന്ത്രക്കുലകള്‍ ലോഡുകണക്കിനാണ് ഇന്നലെ കോട്ടയം മാര്‍ക്കറ്റിലെത്തിയത്. ഏത്തക്കായ് കിലോയ്ക്ക് ഇന്നലെ 40 രൂപയായിരുന്നു വില. വരുംദിവസങ്ങളില്‍ ഇതു വര്‍ധിക്കുമെന്നാണു വ്യാപാരികള്‍ പറയുന്നത്. അച്ചിങ്ങ പയര്‍ വില 40 രൂപയില്‍നിന്നു 46ലേക്കും തക്കാളി 12ല്‍ നിന്ന് 15 രൂപയിലേക്കും ഉയര്‍ന്നു. കോവയ്ക്ക, മുരിങ്ങക്ക, ബീന്‍സ് എന്നിവയുടെ വില 20 ലെത്തി. പാവയ്ക്ക 35ല്‍ നിന്ന് 40ല്‍ എത്തി. ഉള്ളി, സവാള എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഉള്ളി വില 22 ല്‍ നിന്ന് 28 വരെയെത്തി. സവാള വില 26ല്‍ എത്തി.
തമിഴ്‌നാട്ടിലെ ചെങ്കോട്ട, കമ്പം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണു പച്ചക്കറികള്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ ന്യായവിലയ്ക്കു കിട്ടുന്ന പച്ചക്കറികള്‍ അതിര്‍ത്തി കടന്നു കേരളത്തിലെത്തുമ്പോഴേക്കും ഇരട്ടിയിലധികം വിലയാകും. ഗതാഗതക്കൂലിയും ഇടനിലക്കാരുടെ ചൂഷണവും കൂടിയാകുമ്പോള്‍ തീവിലയാകും. നാടന്‍ പച്ചക്കറികളുടെ വരവു മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപണിയില്‍ കുറവാണ്. ഉല്പാദനച്ചെലവേറിയതും മഴക്കെടുതിയും രാസവളങ്ങളുടെ വില വര്‍ധനയുമാണു നാട്ടിന്‍പുറങ്ങളിലെ കര്‍ഷകര്‍ പച്ചക്കറിക്കൃഷിയെ കൈയൊഴിയാനുള്ള പ്രധാന കാരണം.
വിപണിയിലെ പൊള്ളുന്ന വിലയില്‍നിന്ന് ആശ്വാസമേകാനായി കൃഷി വകുപ്പും ഹോര്‍ട്ടി കോര്‍പറേഷനും സംയുക്തമായി പച്ചക്കറി മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതാണു സാധാരണക്കാരന് അല്പമെങ്കിലും ആശ്വാസമേകുന്നത്.
Discussion about this post