തിരുവനന്തപുരം: എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും പിവി അന്‍വര്‍ സ്വീകരിച്ച പരസ്യ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തല്‍ അടക്കം അന്വേഷിക്കുമെന്നും പിണറായി തുറന്നടിച്ചു. പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അന്‍വര്‍ പരാതി തന്നു. പരാതിക്ക് മുന്നേ പരസ്യമായി ദിവസങ്ങളോളം പറഞ്ഞു. അദ്ദേഹം ഉയര്‍ത്തിയ പരാതിയിലും ഉന്നയിച്ച വിഷയങ്ങളിലും അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. ഒരു മുന്‍വിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ആരോപണ വിധേയര്‍ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. നേരത്തെ എസ് പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉന്നയിക്കപ്പെട്ട ഒരു ആരോപണം കളളക്കടത്ത് സ്വര്‍ണ്ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ തടയുന്നത് ഉറപ്പാക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാന്‍ പാടില്ല. അതുണ്ടായാല്‍ നടപടി സ്വീകരിക്കും. എന്നാല്‍ അതേ സമയം, പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകളും അംഗീകരിക്കാനാകില്ല. കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടുന്നത് അത് കടത്തുന്നവര്‍ക്ക് ഇഷ്ടമാകില്ലല്ലോ. കരിപ്പൂര്‍ വഴി വന്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. ഇത് പിടികൂടുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. 2022 ല്‍ 98 കേസുകളില്‍ 79.9 കിലോ സ്വര്‍ണ്ണം, 2023 ല്‍ 61 കേസില്‍ 48.7 കിലോ സ്വര്‍ണ്ണവും 26 കേസില്‍ 18.1 കിലോ സ്വര്‍ണ്ണം ഈ വര്‍ഷവും പിടികൂടി. സ്വര്‍ണ്ണ കടത്ത് അടക്കം കുറ്റവാളികളെ മഹത്വവത്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post