തിരുവനന്തപുരം: എഴുപത് വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരതിന് കേരളത്തില്‍ മികച്ച പ്രതികരണം. സംസ്ഥാനത്ത് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
ഉപയോക്താക്കള്‍ക്ക് ഈ മാസം തന്നെ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രയോജനം ലഭിച്ചു തുടങ്ങും. നിലവില്‍ കാരുണ്യാ പദ്ധതിയില്‍ എംപാനല്‍ ചെയ്തിരിക്കുന്ന ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാകും. 202 സര്‍ക്കാര്‍ ആശുപത്രികളും 386 സ്വകാര്യ ആശുപത്രികളും കാരുണ്യയുടെ ഭാഗമാണ്.
70 വയസ്സു കഴിഞ്ഞവര്‍ക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കേരളത്തില്‍ 26 ലക്ഷം പേര്‍ക്കാണ് ലഭിക്കുക. ജനസംഖ്യാ വിശദാംശങ്ങള്‍ പരിശോധിച്ചാണ് വയോജനങ്ങളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്. 70 കഴിഞ്ഞ 26 ലക്ഷം പേര്‍ 20 ലക്ഷം കുടുംബങ്ങളിലെ അംഗങ്ങളാണ്. കുടുംബങ്ങള്‍ക്കുള്ള ഈ സൗജന്യം തുടരുന്നതിനൊപ്പം 70 കഴിഞ്ഞവര്‍ക്ക് ഇനി അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി ലഭിക്കും. സാമ്പത്തിക, സാമൂഹിക സ്ഥിതി നോക്കാതെ 70 കഴിഞ്ഞ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നതാണ് പ്രധാന സവിശേഷത.
ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാന്‍ ഭാരതിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്.
Discussion about this post