തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അതേ സമയം, സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് ഇന്നലെ സ്വര്‍ണം കാണാതായത്.
ഇന്ന് രാവിലെ മുതൽ ബോംബ് സ്ക്വാഡും പൊലീസും ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയിരുന്നു. ചൂട് കൂടിയതിനെ തുടര്‍ന്ന് മണൽപ്പരപ്പിലെ തെരച്ചിൽ നിര്‍ത്തി വെച്ചിരുന്നു. വൈകുന്നേരം വീണ്ടും നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനകത്തെ മണൽപ്പരപ്പിൽ നിന്ന് സ്വര്‍ണം ലഭിക്കുന്നത്. എന്നാൽ സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കാണാതായത്. ഇതെങ്ങനെ മണല്‍പ്പരപ്പിലെത്തിയെന്ന് സംശയം ബാക്കിയാണ്.
അതേ സമയം ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനം മൂലം ഇത് ആരെങ്കിലും മാറ്റി വെച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ആ സാഹചര്യത്തിലാണ് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുന്നത്. ശ്രീകോവിൽ സ്വര്‍ണം പൂശാനാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുമ്പോഴും തിരിച്ചു വെക്കുമ്പോഴും കൃത്യമായി തൂക്കം രേഖപ്പെടുത്താറുണ്ട്. അത് കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഡിസിപി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
Discussion about this post