തിരുവനന്തപുരം/കൊച്ചി: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഭീകരസംഘടനകളുടെയും പ്രവര്‍ത്തനത്തെകുറിച്ചുള്ള നിരീക്ഷണം പോലീസ് ഊര്‍ജ്ജിതമാക്കി. നിലവില്‍ സുരക്ഷാഭീഷണികളൊന്നുമില്ലെങ്കിലും എല്ലാ ജില്ലകളിലും ഉത്സവകേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലങ്ങളുടെ ചുറ്റുപാടും ജാഗ്രത പാലിക്കാന്‍ പോലീസിന് ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശം നല്‍കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെതന്നെ നടപടി തുടങ്ങിയിരുന്നുവെന്നും സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നുമാണ് ഉന്നതപോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
സംസ്ഥാനത്ത് സജീവമായ എല്ലാ ഭീകരസംഘടനകളുടെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും ലിസ്റ്റ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായ നിമിഷംതന്നെ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കണമെന്നും സുരക്ഷാപരിശോധനകള്‍ നടത്തണമെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു.ഭീകരവാദസംഘടനകളിലെ പ്രവര്‍ത്തകരും മുന്‍പ്അറസ്റ്റിലായവരും സ്ഥലത്തുണ്ടോ, ഉണ്ടെങ്കില്‍ ഇപ്പോഴവര്‍ എന്തുചെയ്യുന്നു, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയിലും മഫ്ടി പോലീസിന്റെയും ഷാഡോപോലീസും പരിശോധന സജീവമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസ്, കളമശ്ശേരി ബസ് കത്തിക്കല്‍കേസ് തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ടവരുടെ നീക്കങ്ങളും സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഈ കേസുകളിപ്പോള്‍ എന്‍.ഐ.എ. ആണ് അന്വേഷിക്കുന്നത്. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലര്‍ ഇനിയും പിടിയിലാകാനുമുണ്ട്.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന കാര്യക്ഷമമാക്കി. ഹൈക്കോടതി, സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിങ്ങ് മാളുകള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും മറ്റും പരിശോധനകളും വ്യാപകമായി നടന്നു. ഓണത്തിരക്ക് പ്രമാണിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും നേരത്തതന്നെ പോലീസിന്റെ സൂഷ്മനിരീക്ഷണത്തിലാണ്.
Discussion about this post