ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ഗൂഗിള്‍, സ്‌കൈപ് സേവനങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലാക്‌ബറി സേവനം ഉയര്‍ത്തുന്ന അതേ ഭീഷണി തന്നെയാണ് ഗൂഗിളില്‍നിന്നും സ്‌കൈപില്‍നിന്നും ഉയരുന്നതെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഫിനാഷ്യല്‍ ടൈംസ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ഫയലുകള്‍, വോയിസ് മെയില്‍ തുടങ്ങിയവ സൗജന്യമായി കൈമാറുന്ന സേവനമാണ് ഗൂഗിളും സ്‌കൈപും നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രഹസ്യ കോഡി(എന്‍ക്രിപ്‌റ്റഡ്) ലൂടെയാണ് ഈ സേവന ദാതാക്കള്‍ സന്ദേശം കൈമാറുന്നത്. ഭീകരവാദികള്‍ അടക്കമുള്ളവര്‍ ഇത് പ്രയോജനപ്പെടുത്തുമെന്ന ആശങ്കയിലാണ് കേന്ദ്രം.
ബ്ലാക്‌ബെറി മൊബൈല്‍ ഫോണുകള്‍ വഴി നല്‍കുന്ന സേവനത്തിന്റെ കാര്യത്തില്‍ ആദ്യംനടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്ലാക് ബറി നല്‍കുന്ന സേവനത്തില്‍ എന്‍ക്രിപ്‌റ്റഡ് രൂപത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നത് അവസാനിപ്പിക്കണമെന്നാണ് വ്യാഴാഴ്‌ച കേന്ദ്രം വിളിച്ച യോഗത്തില്‍ തീരുമാനിച്ചത്. ഈ കാര്യത്തില്‍ ആഗസ്‌ത് 31നകം പരിഹാരമുണ്‌ടാക്കിയില്ലെങ്കില്‍ ബ്ലാക്ക്‌ബെറിയുടെ ഇത്തരം സേവനങ്ങള്‍ വിലക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.
Discussion about this post