തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്കി. അതേസമയം ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നു കാണിച്ച് സുപ്രീംകോടതിയില്‍ അഭിപ്രായം രേഖാമൂലം നല്കുമെന്നു രാജകുടുംബത്തിന്റെ അഭിഭാഷകന്‍ എന്‍.കെ.എസ്. മേനോന്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ക്ഷേത്ര മതിലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി യൂണിയന്‍ ഓഫീസുകള്‍ ക്ഷേത്രസുരക്ഷ പരിഗണിച്ച് നീക്കം ചെയ്യണമെന്നും ക്ഷേത്ര സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നും വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ദോഷമുണ്ടാകുമെന്നു കൊട്ടാരത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ടു ഭക്തജനങ്ങളും പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുകയും ചെയ്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പദ്‌ശേഖരത്തിന്റെ മൂല്യനിര്‍ണയത്തിനു വരുന്ന ചെലവിന്റെ പകുതി രാജകുടുംബം വഹിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു കോടിയിലേറെ രൂപ ചെലവുവരുന്ന മൂല്യനിര്‍ണയ ചാര്‍ട്ടാണ് തുറന്ന നിലവറയിലെ മൂല്യനിര്‍ണയച്ചെലവായി വിദഗ്ധ സമിതി സുപ്രീംകോടതിക്കു സമര്‍പ്പിച്ചത്.
ബി നിലവറ തുറക്കുമ്പോഴുള്ള ചെലവ്, സുരക്ഷാ കാര്യങ്ങള്‍ എന്നിവയില്‍ രാജകുടുംബത്തിന് എതിര്‍പ്പുള്ള കാര്യം സുപ്രീംകോടതിയെ വെള്ളിയാഴ്ച അറിയിക്കുമെന്നാണു രാജകുടുംബത്തിന്റെ അഭിഭാഷകന്‍ എന്‍.കെ.എസ്. മേനോന്‍ ഇന്നലെ വ്യക്തമാക്കിയത്.
എഡി 500നു മുമ്പു ക്ഷേത്രം സന്യാസിമാരുടെ കൈവശമായിരുന്നപ്പോള്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ ബി നിലവറയിലുണ്ടെന്നും ക്ഷേത്രത്തിലെ ദേവചൈതന്യത്തിന്റെ കേന്ദ്രമായ ബി നിലവറ തുറന്നാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കു ദോഷമുണ്ടാകുമെന്നുമാണു ദേവപ്രശ്‌നം നടത്തിയവര്‍ പറഞ്ഞത്. നിലവറയിലെ മുഴുവന്‍ സമ്പത്തിനെയും കുറിച്ചു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള മതിലകം രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും പറയപ്പെടുന്നു.
Discussion about this post