തിരുവനന്തപുരം : വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പത്താംക്ലാസ് വരെ ഇനി തോല്‍ക്കാതെ പഠിക്കാം. സര്‍വശിക്ഷ അഭിയാനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എസ്.എസ്.എയുടെ പ്രോഗ്രാം അംഗീകാര ബോര്‍ഡ് ഈ നിര്‍ദേശത്തിന് അനുമതി നല്‍കുകയും കഴിഞ്ഞദിവസം അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. മൂന്നാംക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലും ഓള്‍ പ്രൊമോഷന്‍ നല്‍കണമെന്ന് നിര്‍ദേശം. നിലവില്‍ ഒന്നും രണ്ടും ക്ലാസില്‍ മാത്രമാണ് ഇതുള്ളത്. വിദ്യാഭ്യാസ അവകാശന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി വിദ്യാലയങ്ങള്‍ ആക്കാന്‍ കഴിയും. അധ്യാപകര്‍ക്കുള്ള അഭിരുചി പരീക്ഷ ഉടന്‍ ഏര്‍പ്പെടുത്തുക, ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുക, അധ്യാപക പരിശീലനത്തിനുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ ക്ലസ്റ്റര്‍ തലത്തില്‍ ആരംഭിച്ച് പരിശീലകരെ നിയമിക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
നിലവില്‍ ഇ ഗ്രേഡ് ലഭിക്കുന്നവരെ തോല്പിക്കുന്ന രീതിയാണ്. നിരന്തര മൂല്യനിര്‍ണയം പരിഷ്‌കരിച്ചും അധ്യാപനം മെച്ചപ്പെടുത്തിയും ആരും തോല്‍ക്കാത്ത സ്ഥിതിയില്‍ കൊണ്ടെത്തിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ സാധ്യായ ദിവസങ്ങള്‍ എല്‍.പിയില്‍ 200 ഉം യു.പിയില്‍ 220 ഉം ആക്കി കൂട്ടണമെന്നാണ് മറ്റൊരു നിര്‍ദേശം. അല്ലെങ്കില്‍ 1000 മണിക്കൂറെങ്കിലും ഉണ്ടാകണം. ഇപ്പോള്‍ 180 ദിവസത്തില്‍ കൂടുതല്‍ അധ്യയനം നടക്കാറില്ല. 200 ദിവസം ലക്ഷ്യമിടാറുണ്ടെങ്കിലും പലവിധത്തിലുള്ള അവധികള്‍ വരുന്നതിനാല്‍ 175 ദിവസത്തില്‍ കൂടുതല്‍ സാധ്യായ ദിവസങ്ങള്‍ വരാറില്ല. കേരളത്തില്‍ നിലവില്‍ എല്‍.പി, യു.പി. ക്ലാസുകള്‍ക്ക് സാധ്യായ ദിവസങ്ങളില്‍ വ്യത്യാസവുമില്ല.
കുട്ടികളുടെ പഠനക്ലേശം ലഘൂകരിക്കാന്‍ അഞ്ചാംക്ലാസ് എല്‍.പിയിലേക്ക് മാറ്റി ഘടനാമാറ്റം നടത്തണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് 130 പ്രൈമറിയുടെയും രണ്ട് യു.പിയുടെയും കുറവുണ്ടെന്നാണ് കണക്ക്. ഇത് നികത്തണം. കൂടാതെ 118 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളാക്കുകയും വേണം.
Discussion about this post