പെരുമ്പാവൂര്‍: പോക്കറ്റടി ആരോപിച്ച് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ കെ. സുധാകരന്റെ ഗണ്‍മാന്‍ സതീഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. പെരുമ്പാവൂര്‍ സംഭവത്തെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തില്‍ രഘു നിരപരാധിയാണ്. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്. രഘുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. കുടുംബത്തിന് ധനസഹായം നല്‍കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് പെരുവെമ്പ് തങ്കയംവീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ രഘു (38) ആണ് തിങ്കളാഴ്ചരാത്രി പെരുമ്പാവൂരില്‍ ദാരുണായി കൊലചെയ്യപ്പെട്ടത്. പ്രതിപക്ഷത്ത് നിന്ന് പെരുമ്പാവൂര്‍ എം.എല്‍.എ സാജു പോളാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പോലീസ് തന്നെ ഇത്രയും ക്രൂരമായി ഒരാളെ കൊല ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ പോലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ക്രൂരത കാട്ടിയ ഗണ്‍മാനെ സംരക്ഷിക്കുന്ന കെ.സുധാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും സാജു പോള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന കെ.സുധാകരന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ വിട്ടു.
Discussion about this post