ബാംഗ്ലൂര്‍: ഐബിഎം ഇന്ത്യയിലെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നു. ആഗസ്തിന് ശേഷം ഇതുവരെ ആയിരത്തോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക അസ്ഥിരതയാണ് പിരിച്ചുവിടലിന് വഴിവെച്ചിരിക്കുന്നത്. പിരിച്ചുവിടപ്പെട്ടവരില്‍ അധികവും ഐബിഎമ്മിന്റെ നേരിട്ടുള്ള ജീവനക്കാരല്ല. റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെയോ ഐടി വെണ്ടറുടേയോ പേ-റോളില്‍ ഉള്ളവരാണ്. പക്ഷെ, ഐബിഎമ്മിന് വേണ്ടിയായിരുന്നു ഇവര്‍ പണിയെടുത്തിരുന്നത്.
മിക്ക ഐടി കമ്പനികള്‍ക്കും ഒക്ടോബറോടെ ബിസിനസ് കുറയുമെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും ഒരു റിക്രൂട്ടിങ് ഏജന്‍സി ഉടമ പറഞ്ഞു. പലപ്പോഴും ഓരോ പ്രോജക്ടും ജനവരിയില്‍ തുടങ്ങി സപ്തംബര്‍-ഒക്ടോബറില്‍ തീരുകയാണ് പതിവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് ഈ കാലയളവില്‍ പിരിച്ചുവിടല്‍ കൂടുന്നത്. കരാര്‍ ജീവനക്കാരെയാവുമ്പോള്‍ എളുപ്പത്തില്‍ പിരിച്ചുവിടാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഐബിഎമ്മിന് ഇന്ത്യയില്‍ കരാര്‍ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം 1.3 ലക്ഷം ജീവനക്കാരുണ്ട്.
Discussion about this post