ബാംഗളൂര്‍: ഭൂമി തട്ടിപ്പുകേസില്‍ ലോകായുക്ത കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കീഴടങ്ങി. ലോകായുക്ത കോടതിയിലെത്തിയാണ് യെദിയൂരപ്പ കീഴടങ്ങിയത്. ഈ മാസം 22 വരെ യെദിയൂരപ്പയെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പരപ്പനഹാര ജയിലിലേക്കാണ് യെദിയൂരപ്പയെ മാറ്റുക. രാവിലെയാണ് യെദിയൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. യെദിയൂരപ്പയ്‌ക്കെതിരെ കോടതി അറസ്റ്റുവാറണ്ടു പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യാനായി വാറണ്ടുമായി പോലീസ് വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം അവിടെയില്ലെന്ന് കണ്ട്് മടങ്ങുകയായിരുന്നു. ഇതിനു ശേഷമായിരുന്നു കീഴടങ്ങല്‍. യെദിയൂരപ്പയെ അറസ്റ്റുചെയ്യാന്‍ ലോകായുക്ത ഡെപ്യൂട്ടി എസ്പിയെ കോടതി ചുമതലപ്പെടുത്തി.
യെദിയൂരപ്പ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. യെദിയൂരപ്പയ്‌ക്കൊപ്പം കേസില്‍ പ്രതിയായ മുന്‍ മന്ത്രി എസ്.എന്‍.കൃഷ്ണഷെട്ടിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം, കേസില്‍ പ്രതികളായ യെദിയൂരപ്പയുടെ രണ്ടുമക്കള്‍ക്കും മരുമകനും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എംപിയായ ബി.വൈ.രാഘവേന്ദ്ര, ബി.വൈ.വിജയേന്ദ്ര, മരുമകന്‍ ആര്‍.സോഹന്‍ കുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യമനുവദിച്ചത്. മക്കള്‍ക്കും മരുമക്കള്‍ക്കും സര്‍ക്കാര്‍ ഭൂമി കയ്യടക്കാന്‍ അവസരമൊരുക്കിയെന്നാണ് യെദിയൂരപ്പയ്‌ക്കെതിരായ കേസ്. ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെദിയൂരപ്പ റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ട ായി എന്നാണ് കേസ്.
അഭിഭാഷകരായ സിരാജിന്‍ ബാഷ, എന്‍.കെ.ബലരാജ് എന്നിവരാണ് യെദിയൂരപ്പയ്‌ക്കെതിരെ ലോകായുക്തയെ സമീപിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ജൂലൈയിലാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.
Discussion about this post